New Posts

എസ്.എസ്.എൽ.സിക്കു ശേഷം? പഠന സാധ്യതകൾ ......



HIGHER STUDIES


          എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപരിപഠന മേഖല തിരഞ്ഞെടുക്കുന്നതിനുള്ള ബദ്ധപ്പാടിലാണ്. മികച്ച ജോലി, ആകർഷകമായ ശമ്പളം- ഇതിനു പറ്റിയ കോഴ്‌സുകളാണ് ഏവരുടെയും സ്വപ്നം. 2014-15ലെ തൊഴിൽ സാദ്ധ്യതാനിരക്കിൽ പെൺകുട്ടികളാണ് മുന്നിൽ. തൊഴിൽ പരസ്യങ്ങളിൽ ഓൺലൈൻ വെബ് പോർട്ടലുകൾക്കും സോഷ്യൽ നെറ്റ്‌വർക്കുകൾക്കും  പ്രാധാന്യമേറിവരുന്നു. രാജ്യത്ത് സേവന മേഖലകളിൽ 27ശതമാനത്തോളം തൊഴിലാളികൾ പ്രവർത്തിക്കുന്നു. ഇവരുടെ മൊത്തം ആഭ്യന്തര വരുമാനത്തിലുള്ള സംഭാവന 58 ശതമാനമാണ്. തൊഴിൽ മേഖലയിൽ പ്രവർത്തന മികവ്  (skill) ന്  പ്രസക്തിയേറുന്നു.  ദേശീയ സ്‌കിൽ വികസന കോർപ്പറേഷൻ   പ്രവർത്തന മികവിൽ ഊന്നിയുള്ള  ബിരുദ പ്രോഗ്രാമായ ബി (വൊക്) തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
റീട്ടെയിൽ, അഗ്രിബിസിനസ്, ഊർജ്ജം, പെട്രോളിയം, എൻജിനീയറിംഗ്, കമ്മ്യൂണിക്കേഷൻ, ഇൻഷ്വറൻസ്, സാമൂഹ്യ സേവനം, നിർമ്മാണം, ഭൗതിക സൗകര്യവികസനം, മാനേജ്‌മെന്റ്,  അക്കൗണ്ടിംഗ്  എന്നിവയിൽ വൻ തൊഴിലവസരങ്ങളാണ്  വരാനിരിക്കുന്നത്. ഇന്ത്യയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യുവതീയുവാക്കളിൽ ശരാശരി 51ശതമാനവും മുപ്പത് വയസ്സിന്  താഴെയുള്ളവരാണ്. കാർഷിക മേഖലയെ അപേക്ഷിച്ച് കൂടുതൽ തൊഴിലവസവരങ്ങളാണ് വ്യവസായ, സേവന മേഖലകളിൽ വരാനിരിക്കുന്നത്.
അഭ്യസ്തവിദ്യരായ  യുവതീയുവാക്കൾ തൊഴിൽ സംരംഭകരാകുന്ന പ്രവണത അടുത്ത കാലത്തായി വർദ്ധിച്ചു വരുന്നു. ആയിരക്കണക്കിന് സ്റ്റാർട്ട് അപ്പ് കമ്പനികളാണ്  രാജ്യത്ത് നിലവിലുള്ളത്. ഭക്ഷ്യ സംസ്‌കരണ രംഗത്ത് വാർഷിക വളർച്ചാ നിരക്ക് 18 ശതമാനത്തിലധികമാണ്. ഉപരിപഠനത്തിനായി  പ്ലസ് ടു വിനു ശേഷം  യൂറോപ്യൻ രാജ്യങ്ങൾ, സിങ്കപ്പൂർ, ആസ്‌ട്രേലിയ  എന്നിവ  ഇന്ത്യൻ  വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന മികച്ച രാജ്യങ്ങളായി  മാറിക്കഴിഞ്ഞു. നമ്മുടെ നാട്ടിൽ ഉപരിപഠന  സാധ്യതയില്ലെന്ന് കരുതുന്ന മിക്ക കോഴ്‌സുകൾക്കും വിദേശത്ത് ഉപരിപഠന, ഗവേഷണ, തൊഴിൽ സാധ്യതകളേറെയുണ്ട്.  സയൻസ്, ടെക്‌നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെടുന്ന STEM കോഴ്‌സുകൾക്കാണ്  സാധ്യതയേറെയും. ജീവശാസ്ത്ര കോഴ്‌സുകൾക്ക്  വിദേശത്ത് ഉപരിപഠന-തൊഴിൽ സാധ്യതകളേറെയുണ്ട്.
നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി വിജയകരമായി പൂർത്തിയാക്കിയത്. പത്താം ക്ലാസ്സിനുശേഷം പ്ലസ് ടു പഠനം താത്പര്യമുള്ള ഉപരിപഠന മേഖലയിൽ/ഉന്നത വിദ്യാഭ്യാസ മേഖലയിലെത്തിക്കാൻ സഹായിക്കും.

വിദ്യാർത്ഥിയുടെ താത്പര്യം പ്രധാനം

പ്ലസ് ടു വിന് വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥിയുടെ താത്പര്യവും അഭിരുചിയും പ്രത്യേകം കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണ്.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നിവയാണ് പ്രധാനപ്പെട്ട സയൻസ് ഗ്രൂപ്പുകൾ. മാനവിക വിഷയങ്ങൾ അടങ്ങിയ ഗ്രൂപ്പിൽ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി മുതലായവ ഉൾപ്പെടുന്നു.
കോമേഴ്‌സ് ഗ്രൂപ്പിൽ ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്‌സ്  മുതലായവ ഉൾപ്പെടുന്നു.
കണക്കിൽ മിടുക്കുള്ള വിദ്യാർത്ഥിയ്ക്ക് ബയോളജി ഒഴിവാക്കാം.  ജീവശാസ്ത്ര മേഖലയിൽ ഉപരിപഠനം നടത്താൻ താത്പര്യമുള്ളവർക്ക് കണക്ക് ഉപേക്ഷിക്കാം.  ഡവലപ്‌മെന്റ് സയൻസ്, സാമൂഹ്യശാസ്ത്ര മേഖലകൾ എന്നിവയിൽ താത്പര്യമുള്ളവർക്ക് മാനവിക വിഷയങ്ങൾ തിരഞ്ഞെടുക്കാം.
മാനേജ്‌മെന്റ്, എം.ബി.എ, ചാർട്ടേഡ്  അക്കൗണ്ടന്റ്, സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകൾ, ബാങ്കിംഗ്, ഇൻഷ്വറൻസ് എന്നിവയിൽ താത്പര്യമുള്ളവർക്ക് കോമേഴ്‌സ്, ബിസിനസ്സ് പഠന ഗ്രൂപ്പെടുക്കാം. എൻജിനീയറാകാൻ കംപ്യൂട്ടർ സയൻസ് ഗ്രൂപ്പെടുക്കാം.
വിദേശ പഠനം ലക്ഷ്യമിടുന്നവർക്ക് സയൻസ്, ടെക്‌നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയ്ക്കിണങ്ങിയത് ബയോമാത്‌സ് ഗ്രൂപ്പാണ്. സിവിൽ സർവ്വീസസിൽ താത്പര്യമുള്ളവർക്ക് മാനവിക വിഷയങ്ങളടങ്ങിയ കോഴ്‌സുകളാണ് നല്ലത്.
പത്താം ക്ലാസ്സുവരെ പഠിയ്ക്കാൻ ബുദ്ധിമുട്ടുളവാക്കിയ വിഷയങ്ങൾ പ്ലസ് ടു പഠനത്തിന് ഒരിക്കലും തിരഞ്ഞെടുക്കരുത്.
എസ്.എസ്.എൽ.സി പൂർത്തിയാക്കിയ എല്ലാവർക്കും പ്ലസ് ടു വിന് അഡ്മിഷൻ ലഭിയ്ക്കുക പ്രയാസമാണ്. ദേശീയതലത്തിലുള്ള നാഷണൽ ഓപ്പൺ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്ത് പ്ലസ് ടു പൂർത്തായാക്കാം. പ്ലസ് ടു അഡ്മിഷൻ ലഭിയ്ക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രധാനപ്പെട്ട വഴിത്തിരിവാണ്. ഇത്തരം വസ്തുനിഷ്ഠമായ തീരുമാനങ്ങളാണ് ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ലക്ഷ്യം കൈവരിയ്ക്കാൻ സഹായിക്കുന്നത്.
 പ്ലസ് ടു വിന് ശേഷം പ്രൊഫഷണൽ കോഴ്‌സുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. മെഡിക്കൽ, എൻജിനീയറിംഗ്, കൃഷി, വെറ്ററിനറി സയൻസ്, ഡെന്റൽ  സയൻസ്, ഫാർമസി, നഴ്‌സിംഗ്, ആയുർവ്വേദം, ഹോമിയോപ്പതി തുടങ്ങിയവ ഇവയിൽ ചിലതു  മാത്രം.
 പ്ലസ് ടു വിന് ശേഷം സൈന്യത്തിൽ ചേരാൻ നാഷണൽ ഡിഫൻസ് അക്കാഡമി പരീക്ഷകൾ, റയിൽവേയിൽ സ്‌പെഷ്യൽ ക്ലാസ് റെയിൽവേ അപ്രന്റീസ് പ്രോഗ്രാം, ഐസാറ്റിലെ ബി.ടെക്, നിഫ്‌റ്റിലെ ഫാഷൻ ഡിസൈനിംഗ്, മർച്ചന്റ് നേവി എന്നിവ പ്രധാനപ്പെട്ട കോഴ്‌സുകളാണ്.
 സയൻസ്, ഉപരിപഠനം, ഗവേഷണം എന്നിവയ്ക്ക് ഐസർ, ഐ.ഐ.എസ്.സി കോഴ്‌സുകൾ ഏറെ മികവുറ്റതാണ്.
താത്പര്യമുള്ള വിഷയങ്ങളിൽ ഡിഗ്രിയ്ക്ക് ചേർന്ന് ബിരുദം നേടി  ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിജയം കൈവരിയ്ക്കാം.
മാർക്ക് കുറഞ്ഞവർ പ്ലസ് ടു വിന് ചേരുന്നതിന് പകരം പത്താം ക്ലാസിനു ശേഷം പ്രവർത്തനമികവുള്ള Skill development കോഴ്‌സിന് ചേർന്ന് പഠിയ്ക്കുന്നതാണ് നല്ലത്. രാജ്യത്തിനകത്തും  ഗൾഫ് രാജ്യങ്ങളിലും തൊഴിൽ ലഭിയ്ക്കാൻ ഇതു സഹായിക്കും. Skill development രംഗത്ത് അഭ്യസ്തവിദ്യരുടെ വൻക്ഷാമം രാജ്യത്ത് നിലനിൽക്കുന്നു.
ഹോട്ടൽ മാനേജ്‌മെന്റ്, ആയുർവ്വേദ ഫാർമസി, ലബോറട്ടറി ടെക്‌നിഷ്യൻ, ടൂറിസ്റ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ എന്നിവ ഇവയിൽ ചിലതാണ്. സാങ്കേതികരംഗത്ത് പോളിടെക്‌നിക്കുകൾ, ഐ.ടി.ഐകൾ എന്നിവയുടെ ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ പ്രവർത്തന മികവുള്ള കോഴ്‌സുകളാണ്. കൃഷി, കംപ്യൂട്ടർ സയൻസ്, ഐ.ടി, അനിമേഷൻ, കൺസ്ട്രക്‌ഷൻ, ആർക്കിടെക്ചർ, അപ്പാരൽ ട്രെയിനിംഗ്, ടൂൾ ആന്റ് ഡൈ മേക്കിംഗ്, ബ്യുട്ടീഷ്യൻ, നഴ്‌സിംഗ്, ഖാദി വ്യവസായം, ഡിസൈനിംഗ്, ജെമ്മോളജി, ഗ്രാഫിക് ഡിസൈനിംഗ്, ഡി.ടി.പി ഓപ്പറേറ്റർ, ഓട്ടോമൊബൈൽ മെക്കാനിക്ക്, മെക്കാട്രോണിക്‌സ് എന്നിവ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളാണ്. ജന്തുക്ഷേമം, അനിമൽ ഹാൻഡ്‌ലിംഗ്, ലൈവ്‌സ്റ്റോക്ക് പ്രൊഡക്‌ഷൻ, പൗൾട്രി ഫാമിംഗ്, ഡയറി ഫാമിംഗ് എന്നിവയിലും സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. നെട്ടൂർ  ടെക്‌നിക്കൽ ട്രെയിനിംഗ് ട്രസ്റ്റിന്റെ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് തൊഴിൽ സാധ്യതയേറെയാണ്. കാർഷിക സർവ്വകലാശാല, വെറ്ററിനറി സർവ്വകലാശാല എന്നിവയുടെ ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും മികവുറ്റവയാണ്.

മികച്ച പാരാമെഡിക്കൽ കോഴ്‌സുകൾ അനവധി


ആതുര സേവനരംഗത്ത് നഴ്‌സിംഗിനുള്ള പ്രാധാന്യം ചില്ലറയല്ല.  പ്രവർത്തന മികവുള്ള നഴ്‌സുമാർക്ക്  ലോകത്താകമാനം തൊഴിൽ സാധ്യതയേറെയുണ്ട്. നഴ്‌സിംഗ് കോഴ്‌സുകളിൽ ബി.എസ്‌സി നഴ്‌സിംഗ്, ജനറൽ നഴ്‌സിംഗ്  ആന്റ് മിഡ്‌വൈഫറി, പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്, ഓക്‌സിലിയറി നഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകളുണ്ട്.
നഴ്‌സിംഗ് സ്‌കൂളുകൾ തിരഞ്ഞെടുക്കുമ്പോൾ അംഗീകാരമുള്ള സ്ഥാപനങ്ങളാണോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം, തിരഞ്ഞെടുക്കപ്പെട്ട നഴ്‌സിംഗ് സ്‌കൂളിന് അംഗീകാരമുണ്ടോ തുടങ്ങിയ കാര്യങ്ങൾ നഴ്‌സിംഗ് കൗൺസിലിന്റെ www.indiannursingcouncil.org എന്ന വെബ്‌സൈറ്റിൽ നിന്നറിയാം.
 50 ശതമാനം മാർക്കോടെ ബയോളജി ഗ്രൂപ്പെടുത്ത് പ്ലസ് ടൂ പൂർത്തിയാക്കിയവർക്ക് 4 വർഷ ബി.എസ്‌സി നഴ്‌സിംഗിന് അപേക്ഷിക്കാം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
 പ്ലസ് ടുക്കാർക്ക് മൂന്നര വർഷത്തെ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിന് അപേക്ഷിക്കാം. ബയോളജി ഗ്രൂപ്പെടുത്തവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
 പാരാമെഡിക്കൽ കോഴ്‌സുകളിൽ ബിഫാം, ബി.എസ്‌സി. എം.എൽ.ടി, ബി.പി.ടി, ഒപ്‌റ്റോമെട്രി എന്നിവ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളാണ്. 50 ശതമാനം മാർക്കോടെ പ്ലസ് ടു സയൻസ് ഗ്രൂപ്പ് പാസ്സായവർക്ക് മേൽ സൂചിപ്പിച്ച കോഴ്‌സുകൾക്ക് അപേക്ഷിക്കാം.
 ഫാർമസ്യൂട്ടിക്കൽസ് രംഗത്ത് ലോകോത്തര നിലവാരം പുലർത്തുന്ന ഇന്ത്യയിൽ നാലു വർഷ ബി.ഫാം പൂർത്തിയാക്കിയവർക്ക് ഗവേഷണ മേഖല, ഫാർമസ്യൂട്ടിക്കൽസ്, ഫാർമസി കോളേജുകൾ എന്നിവയിൽ പ്രവർത്തിക്കാം. ജനറിക് ഡ്രഗ് മാർക്കറ്റിൽ വരാനിരിക്കുന്ന മാറ്റങ്ങളും ഉപരിപഠന സാധ്യതയും ബി.ഫാമിന് കരുത്തേകുന്നു.
 രോഗനിർണ്ണയ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്താനുതകുന്ന ലാബുകൾ അത്യന്താപേക്ഷിതമാണ്. ഈ രംഗത്ത് ബി.എസ്‌സി മെഡിക്കൽ ലബോറട്ടറി  ടെക്‌നോളജിക്ക് രാജ്യത്തിനകത്തും, ഗൾഫ് നാടുകളിലും സ്വയം തൊഴിൽ മേഖലയായും തൊഴിലവസരങ്ങളുണ്ട്.
 ഫിസിയോതെറാപ്പി ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ചികിത്സാരീതിയായി മാറിക്കഴിഞ്ഞു. അതിനാൽ ഫിസിയോതെറാപ്പി ക്ലിനിക്കുകൾ   കൂടുതലായി ആരംഭിച്ചുവരുന്നു. വിദേശരാജ്യങ്ങളിൽ ഫിസിയോതെറാപ്പി മികച്ച തൊഴിൽ മേഖലകളിലൊന്നായി മാറിക്കഴിഞ്ഞു.
 നേത്രരോഗങ്ങൾ, നേത്രാശുപത്രികൾ എന്നിവ കൂടുതലായി വിപുലപ്പെട്ടു വരുന്ന ഇക്കാലത്ത് കാഴ്ചശേഷി ഉറപ്പുവരുത്താനുള്ള ചികിത്സയിൽ പാരാമെഡിക്കൽ വിഭാഗത്തിൽ ഒപ്‌റ്റോമെട്രി പ്രോഗ്രാമിന് സാധ്യതയേറുന്നു.
 എസ്.എസ്.എൽ.സി പാസ്സായവർക്ക് ഒന്നര വർഷത്തെ ഓക്‌സിലിയറി നഴ്‌സ് ആന്റ് മിഡ്‌വൈഫറി (എ.എൻ.എം)  കോഴ്‌സിന് ചേരാം.
 മൂന്നര വർഷത്തെ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി ഡിപ്ലോമ കഴിഞ്ഞവർക്ക് ബി.എസ്‌സി പോസ്റ്റ് ബേസിക് നഴ്‌സിംഗിന് ചേരാം. ഓപ്പറേഷൻ തിയേറ്റർ നഴ്‌സിംഗ്, ന്യൂറോളജി നഴ്‌സിംഗ്, ക്രിട്ടിക്കൽ കെയർ, എമർജൻസി ആന്റ് ഡിസാസ്റ്റർ, ഓങ്കോളജി, നിയോനാറ്റൽ, ഓർത്തോ & റിഹാബിലിറ്റേഷൻ, മിഡ്‌വൈഫറി തുടങ്ങി നഴ്‌സിംഗിന് നിരവധി ഉപവിഭാഗങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ignou.ac.in  സന്ദർശിക്കുക.
 ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മെഡിക്കൽ ലാബോറട്ടറി ടെക്‌നോളജി, റേഡിയോളജിക്കൽ ടെക്‌നോളജി, ഡെന്റൽ മെക്കാനിക്‌സ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഓപ്പറേഷൻ തിയേറ്റർ ടെക്‌നോളജി, എൻഡോസ്‌കോപ്പി, റെസ്പിരേറ്ററി ടെക്‌നോളജി, ബ്ലഡ് ബാങ്ക് ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി എന്നിവയിൽ പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാമുകൾ മെഡിക്കൽ കോളേജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമുണ്ട്. പ്ലസ് ടു 40% മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.org  സന്ദർശിക്കുക.
 ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആന്റ് സയൻസ് (ബിറ്റ്‌സ് പിലാനി) ചെന്നൈ, ഹൈദരാബാദ് കേന്ദ്രങ്ങളിൽ ശങ്കര നേത്രാലയവുമായി ചേർന്ന് ബി.എസ്‌സി ഒപ്‌റ്റോമെട്രി, മദ്രാസ് മെഡിക്കൽ മിഷനുമായി ചേർന്ന് ബി.എസ്‌സി ഫിസിഷ്യൻ അസിസ്റ്റന്റ് കോഴ്‌സുകൾ നടത്തുന്നു. ലോകോത്തര നിലവാരം പുലർത്തുന്ന ശങ്കര നേത്രാലയവുമായി ചേർന്ന് നടത്തുന്ന കോഴ്‌സിന് ഏറെ തൊഴിലവസരങ്ങളുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് www.bits-pilani.ac.in സന്ദർശിക്കുക.
 അമൃത സർവ്വകലാശാലയുടെ ബി.എസ്‌സി നഴ്‌സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്, ബി.ഫാം, ബി.എസ്‌സി (എം.ആർ.ടി) - മെഡിക്കൽ റേഡിയോളജി ടെക്‌നോളജി, ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, എമർജൻസി മെഡിക്കൽ സർവ്വീസസ്, ഒപ്‌റ്റോമെട്രി, ഡെന്റൽ മെക്കാനിക്‌സ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മേയ് 26 ആണ്. കൂടുതൽ വിവരങ്ങൾക്ക് www.amrita.edu സന്ദർശിക്കുക.



DOWNLOAD Full article pdf file

കടപ്പാട് : കേരള കൗമുദി 





Read also

Comments