New Posts

പ്ലസ്ടുകാർക്ക് അവസരങ്ങളേറെ .....



പ്ലസ്ടുകാർക്ക് അവസരങ്ങളേറെ



         
                              കേരളത്തിൽ പ്രവേശന പരീക്ഷയിലൂടെ പ്രൊഫഷണൽ കോഴ്‌സിന് അഡ്മിഷൻ ലഭിക്കാൻ സാദ്ധ്യതയില്ലാത്ത വിദ്യാർത്ഥികൾക്ക് തൊഴിൽ സാദ്ധ്യതയുള്ള നിരവധി കോഴ്‌സുകളുണ്ടെന്ന കാര്യം മറക്കരുത്.കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തമിഴ്‌നാട് കാർഷിക സർവ്വകലാശാല നടത്തുന്ന ബി.എസ്‌സി അഗ്രിബിസിനസ് മാനേജ്‌മെന്റ് , ബി ടെക് ബയോ ഇൻഫർമാറ്റിക്‌സ്, ബിടെക് അഗ്രികൾച്ചർ ഇൻഫർമേഷൻ ടെക്‌നോളജി, ബിടെക് എനർജി ആൻഡ് എൻവയോൺമെന്റൽ എൻജിനീയറിംഗ് എന്നിവ തൊഴിൽ സാദ്ധ്യതയുള്ള പുതിയ കോഴ്‌സുകളാണ്. കൂടുതൽ വിവരങ്ങൾക്ക് www. ugadmissions@tnau.ac.in സന്ദർശിക്കുക.കേരള കാർഷിക സർവ്വകലാശാലയുടെ കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗിലുള്ള ബി.എസ്‌സി ഓണേഴ്‌സ് നാലുവർഷത്തെ ബിരുദ പ്രോഗ്രാമിന് മൊത്തം 40 സീറ്റുകളാണുള്ളത്. പ്രവേശനം പൂർണമായും പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ്. പ്ലസ്ടു ഏത് വിഷയം പഠിച്ചവർക്കും അപേക്ഷിക്കാം.ബി.എസ് സി (പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്): വെറ്ററിനറി സർവ്വകലാശാല തിരുവിഴാംകുന്ന് കാമ്പസിൽ പുതുതായി ആരംഭിക്കുന്ന കോളേജ് ഒഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്‌മെന്റിലാണ് ഈ കോഴ്‌സ് നടത്തുന്നത്. സയൻസ് വിഷയങ്ങളിൽ പ്ലസ് ടു കഴിഞ്ഞവർക്കും വി.എച്ച്.എസ്.സി കഴിഞ്ഞവർക്കും അപേക്ഷിക്കാം. 30 സീറ്റുണ്ട്.
ഡിപ്ലോമ കോഴ്‌സുകൾ
പൗൾട്രി പ്രൊഡക്‌ഷൻ : മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളിലും, ചാത്തന്നൂർ, കോന്നി, പുൽപ്പള്ളി എന്നിവിടങ്ങളിലെ അഫിലിയേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും നടത്തുന്ന ഈ കോഴ്‌സിൽ 120 സീറ്റുകളാണ് ഉള്ളത്. ജീവശാസ്ത്രം പാഠ്യ വിഷയമായിപ്ലസ് ടു / വി.എച്ച്.എസ്.സി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി.ലബോറട്ടറി ടെക്‌നിക്‌സ്: മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളിലും ചാത്തന്നൂർ, കോന്നി, പുൽപ്പള്ളി എന്നിവിടങ്ങളിലെ അഫിലിയേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും നടത്തുന്ന ഈ കോഴ്‌സിൽ 90 സീറ്റുകളാണ് ഉള്ളത്. ജീവശാസ്ത്രം ഒരു പാഠ്യ വിഷയമായി പ്ലസ് ടു / വി.എച്ച്.എസ്.സി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ ലബോറട്ടറി സാങ്കേതികവിദ്യ പൂർത്തിയാക്കിയവർക്ക് രോഗനിർണ്ണയ ലാബുകളിൽ തൊഴിൽ ചെയ്യാം. ഇവർക്ക് സ്വയംതൊഴിൽ സംരംഭമായി ലാബുകൾ തുടങ്ങാം.ഡയറി സയൻസ് : മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളിൽ നടത്തുന്ന ഈ കോഴ്‌സിന്‌ സയൻസ് വിഷയത്തിൽ പ്ലസ് ടു / ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് (ഡയറി ഹസ്ബൻഡറി) അല്ലെങ്കിൽ ഡയറിയിംഗ് (മിൽക്ക് പ്രൊഡക്ട്‌സ്) വിഷയമായി വി.എച്ച്.എസ്.സി കഴിഞ്ഞവർക്ക് അപേകഷിക്കാം. രണ്ടു വർഷമാണ് കോഴ്‌സിന്റെ കാലാവധി. 60 സീറ്റുകളാണുള്ളത്. ഡയറി സയൻസ് ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് ക്ഷീരവ്യവസായ, സംസ്‌കരണ മേഖലകളിൽ പ്രവർത്തിക്കാം. കൂടുതൽ വിവരങ്ങൾ www. kvasu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.തമിഴ്‌നാട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവ്വകലാശാലയുടെ പൗൾട്രി മാനേജ്‌മെന്റിൽ ബി.ബി., എം.ബി.എ പ്രോഗ്രാം കോഴി വ്യവസായ മേഖലയിലെ തൊഴിൽ സാദ്ധ്യതകൾ ലക്ഷ്യമിട്ടുള്ളതാണ്. www.tanuvas.ac.in
കേരള കാർഷിക സർവ്വകലാശാല നടത്തുന്ന ബി.എസ്‌സി അഗ്രിബിസിനസ് മാനേജ്‌മെന്റ്, പഞ്ചവത്സര എം.എസ്‌സി ബയോടെക്‌നോളജി കോഴ്‌സുകൾക്ക് വരും നാളുകളിൽ ഏറെ തൊഴിലവസരങ്ങൾ ഈ മേഖലയിൽ പ്രതീക്ഷിക്കാം. പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയിലൂടെ അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾ www.kau.edu എന്ന വെബ്‌സൈറ്റിൽ ലഭിക്കും.അമൃത യൂണിവേഴ്‌സിറ്റിയുടെ പാരാമെഡിക്കൽ കോഴ്‌സുകളായ ഒപ്‌റ്റോ മെട്രിഫിസിഷ്യൻ അസിസ്റ്റന്റ്, ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, ഡെന്റൽ മെക്കാനിക്‌സ് റെസ്‌പിരേറ്ററി തെറാപ്പി എന്നിവ താത്പര്യമുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന പുത്തൻ കോഴ്‌സുകളാണ്. കൂടുതൽ വിവരങ്ങൾക്ക് www. amrita.edu സന്ദർശിക്കണം.ഹൈദരബാദിലെ ഇ.എഫ്.എൽ യൂണിവേഴ്‌സിറ്റി നടത്തുന്ന ഇംഗ്ലീഷ് വിദേശഭാഷാ ഡിഗ്രി പ്രോഗ്രാമുകൾ, ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഡൽഹി യൂണിവേഴ്‌സിറ്റി എന്നിവ നടത്തുന്ന ഫോറിൻ ഭാഷാ കോഴ്‌സുകൾ എന്നിവ മികവുറ്റതാണ്.സൈന്യത്തിൽ ചേരാൻ താത്പര്യമുള്ളവർക്ക് എൻ.ഡി.എ പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിസിക്‌സ്, മാത്തമാറ്റിക്‌സ് തലത്തിലുള്ള പ്ലസ്ടു പൂർത്തിയാക്കിയവർക്കും, പ്ലസ് ടു രണ്ടാംവർഷം പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷൻ ദേശീയ തലത്തിൽ നടത്തുന്ന പൊതുപരീക്ഷ, തുടർന്നുള്ള ഇന്റർവ്യു മെഡിക്കൽ ടെസ്റ്റ് എന്നിവയിലൂടെ ജയിക്കുന്നവർക്ക് ആർമി, നേവി, എയർഫോഴ്‌സ് എന്നിവയിൽ ഓഫീസർമാരാകാൻ മികച്ച അവസരമാണിത്. കൂടുതൽ വിവരത്തിന് www.upsconline.nic.iu സന്ദർശിക്കുക.നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ (NTTF) നടത്തുന്ന തൊഴിലധിഷ്ഠിത ഡിപ്ലോമ പ്രോഗ്രാമുകൾക്ക് കാമ്പസ് റിക്രൂട്ട്‌മെന്റ് വഴി ജോലി ലഭിച്ചുവരുന്നു. ടൂൾ ആൻഡ് ഡൈമേക്കിംഗ്, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ എൻജിനിയറിംഗ്, മാനുഫാക്ചറിംഗ് ടെക്‌നോളജി, ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിലുള്ള മൂന്നുവർഷ ഡിപ്ലോമ പ്രോഗ്രാമിന് എസ്.എസ്.എൽ.സി, പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. കൊച്ചി, തലശ്ശേരി, ബാഗ്ലൂർ, ഹൈദരബാദ്, കോയമ്പത്തൂർ തുടങ്ങി NTTF യുടെ 18 കേന്ദ്രങ്ങൾ ഇന്ത്യയിലുണ്ട്. പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷൻ. കൂടുതൽ വിവരങ്ങൾക്ക് www.edunttf.@nttf സന്ദർശിക്കണം.ലോജിസ്റ്റിക് മാനേജ്‌മെന്റ് അടുത്തകാലത്തായി പ്രചാരം നേടിവരുന്ന പുത്തൻ കോഴ്‌സാണ്. വല്ലാർപ്പാടം കണ്ടെയ്‌നർ ടെർമിനൽ പൂർത്തിയാകുന്നതോടെ ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും. പ്ലസ്ടു പൂർത്തിയാക്കിയവർക്ക് മൂന്ന് വർഷ ലോജിസ്റ്റിക് മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാം.കലാബോധമുള്ളവർക്ക് അനിമേഷൻ മികച്ച തൊഴിൽ മേഖലയാണ്. അനിമേഷനും മീഡിയയും ചേർന്നുള്ള കോഴ്‌സുകളാണ് നല്ലത്. അമൃത സർവ്വകലാശാലയുടെ ബി.എസ്‌സി വിഷ്വൽ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ, ട്യൂൺ സ്‌കൂൾ ആനിമേഷൻ അക്കാദമി കൊച്ചി സെന്റ് ആൽബർട്‌സ് കോളേജിൽ നടത്തുന്ന ബി.എസ് സി. അനിമേഷൻ എന്നിവ മികച്ച പ്രോഗ്രാമുകളാണ്.പുതുച്ചേരിയിലെ രാജീവ്ഗാന്ധി കോളേജ് ഒഫ് വെറ്റിനറി ആൻഡ് ആനിമൽ സയൻസിൽ ബി.വി.എസ്.സി ആൻഡ് എ. എച്ച് കോഴ്‌സിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ragavocas.in സന്ദർശിക്കുക.ഏറെ സാദ്ധ്യതയുള്ള മൂന്നു വർഷ ബി വൊക്ക് നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സുകൾക്ക് വിദ്യാർത്ഥികൾക്ക് ചേരാം. ജെമ്മോളജി, ജ്വല്ലറി ഡിസൈനിംഗ് ലോജിസ്റ്റിക്‌സ്, .ടി ആൻഡ് മാർക്കറ്റിംഗ്, റീട്ടെയിൽ എന്നിവ പ്രധാനപ്പെട്ട പ്രോഗ്രാമുകളാണ്. കേരളത്തിൽ 10 കോളേജുകളിൽ ബി വൊക്ക് പ്രോഗ്രാമുകളുണ്ട്.
പാരാമെഡിക്കൽ കോഴ്‌സുകൾ
ലോകത്താകമാനം പ്രവർത്തന മികവുള്ള നഴ്‌സുമാർക്ക് തൊഴിൽ സാദ്ധ്യതയേറെയുണ്ട്. നഴ്‌സിംഗ് കോഴ്‌സുകളിൽ ബി.എസ്‌സി. നഴ്‌സിംഗ്, ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി, പോസ്റ്റ് ബേസിക്ക് ബി.എസ് സി. നഴ്‌സിംഗ്, ഓക്‌സിലിയറി നഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകളുണ്ട്. അംഗീകാരമുള്ള നഴ്‌സിംഗ് സ്‌കൂളുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം, തിരഞ്ഞെടുക്കപ്പെട്ട നഴ്‌സിംഗ് സ്‌കൂളിന് അംഗീകാരമുണ്ടോ തുടങ്ങിയ കാര്യങ്ങൾക്ക് നഴ്‌സിംഗ് കൗൺസിലിന്റെ www.indiannursingcouncil.org എന്ന വെബ്‌സൈറ്റിൽ നിന്നറിയാം.
50
ശതമാനം മാർക്കോടെ ബയോളജി ഗ്രൂപ്പെടുത്ത് പ്ലസ് ടു പൂർത്തിയാക്കിയവർക്ക് 4 വർഷ ബി.എസ് സി നഴ്‌സിംഗിന് അപേക്ഷിക്കാം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.പ്ലസ്ടു കാർക്ക് മൂന്നര വർഷത്തെ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിന് അപേക്ഷിക്കാം. ബയോളജി ഗ്രൂപ്പെടുത്തവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.പാരാമെഡിക്കൽ കോഴ്‌സുകളിൽ ബിഫാം, ബി.എസ് സി. എം.എൽ.ടി, ബി.പി.ടി, ഒപ്‌റ്റോമെട്രി എന്നിവ തൊഴിൽ സാദ്ധ്യതയുള്ള കോഴ്‌സുകളാണ്. 50 ശതമാനം മാർക്കോടെ പ്ലസ്ടു സയൻസ് ഗ്രൂപ്പ് പാസായവർക്ക് അപേക്ഷിക്കാം.ഫാർമസ്യൂട്ടിക്കൽസ് രംഗത്ത് ലോകോത്തര നിലവാരം പുലർത്തുന്ന ഇന്ത്യയിൽ നാല് വർഷ ബി ഫാം പൂർത്തിയാക്കിയവർക്ക് ഗവേഷണ മേഖല, ഫാർമസ്യൂട്ടിക്കൽസ്, ഫാർമസി കോളേജുകൾ എന്നിവയിൽ പ്രവർത്തിക്കാം. രോഗ നിർണയ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്താനുതകുന്ന ലാബുകൾ അത്യന്താപേക്ഷിതമാണ്. ഈ രംഗത്ത് ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിക്ക് രാജ്യത്തിനകത്തും ഗൾഫ് നാടുകളിലു സ്വയംതൊഴിൽ മേഖലയിലും തൊഴിലവസരങ്ങളുണ്ട്.ഫിസിയോതെറാപ്പി ക്ലിനിക്കുകൾ ഇപ്പോൾ കൂടുതലായി ആരംഭിച്ചു വരുന്നു. വിദേശരാജ്യങ്ങളിൽ ഫിസിയോതെറാപ്പി മികച്ച തൊഴിൽ മേഖലകളിലൊന്നായി മാറിക്കഴിഞ്ഞു.നേത്രരോഗങ്ങൾ, നേത്രാശുപത്രികൾ എന്നിവ വിപുലപ്പെട്ടുവരുന്ന ഇക്കാലത്ത് കാഴ്ചശേഷി ഉറപ്പുവരുത്താനുള്ള ചികിത്സയിൽ പാരാമെഡിക്കൽ വിഭാഗത്തിൽ ഒപ്‌റ്റോമെട്രി പ്രോഗ്രാമിന് സാദ്ധ്യതയേറുന്നു.മൂന്നര വർഷത്തെ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ഡിപ്ലോമ കഴിഞ്ഞവർക്ക് ബി.എസ്‌സി. പോസ്റ്റ് ബേസിക്ക് നഴ്‌സിംഗിന് ചേരാം. ഓപ്പറേഷൻ തിയേറ്റർ നഴ്‌സിംഗ്, ന്യൂറോളജി നഴ്‌സിംഗ്, ക്രിട്ടിക്കൽ കെയർ, എമർജൻസി ആൻഡ് ഡിസാസ്റ്റർ, ഓൻക്കോളജി, നിയോനാറ്റൽ, ഓർത്തോ ആൻഡ് റിഹാബിലിറ്റേഷൻ, മിഡ്‌വൈഫറി തുടങ്ങി നഴ്‌സിംഗിന് നിരവധി ഉപവിഭാഗങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ignou.ac.in സന്ദർശിക്കുക.ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മെഡിക്കൽ ലാബോറട്ടറി ടെക്‌നോളജി, റേഡിയോളജിക്കൽ ടെക്‌നോളജി, ഡെന്റൽ മെക്കാനിക്‌സ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഓപ്പറേഷൻ തിയറ്റർ ടെക്‌നോളജി, എൻഡോസ്‌കോപ്പി, റെസ്‌പിരേറ്ററി ടെക്‌നോളജി, ബ്ലഡ് ബാങ്ക് ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി എന്നിവയിൽ പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാമുകൾ മെഡിക്കൽ കോളേജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമുണ്ട്. പ്ലസ്ടു 40ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.org സന്ദർശിക്കുക.അമൃത സർവ്വകലാശാലയുടെ ബി.എസ്‌സി. നഴ്‌സിംഗ്, പോസ്റ്റ് ബേസിക്ക് ബി.എസ് സി. നഴ്‌സിംഗ്, ബിഫാം, ബി.എസ്.സി (എം.ആർ.ടി.) - മെഡിക്കൽ റേഡിയോളജി ടെക്‌നോളജി, ഓഡിയോളജി ആൻഡ് സ്പീച്ച് ലാൻഗ്വേജ് പാത്തോളജി, എമർജൻസി മെഡിക്കൽ സർവ്വീസസ്, ഒപ്‌റ്റോമെട്രി, ഡെന്റൽ മെക്കാനിക്‌സ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മേയ് 26 ആണ്. കൂടുതൽ വിവരങ്ങൾക്ക് www.amrita.edu സന്ദർശിക്കുക.ബിർല ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസ് (ബിറ്റ്‌സ് പിലാനി) ചെന്നൈ, ഹൈദരബാദ് കേന്ദ്രങ്ങളിൽ ശങ്കര നേത്രാലയവുമായി ചേർന്ന് ബി.എസ്‌സി. ഒപ്‌റ്റോമെട്രി, മദ്രാസ് മെഡിക്കൽ മിഷനുമായി ചേർന്ന് ബി.എസ് ഫിസിഷ്യൻ അസിസ്റ്റന്റ് കോഴ്‌സുകൾ നടത്തുന്നു. ലോകോത്തര നിലവാരം പുലർത്തുന്ന ശങ്കര നേത്രാലയവുമായി ചേർന്ന് നടത്തുന്ന കോഴ്‌സിന് ഏറെ തൊഴിലവസരങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.bits-pilani.ac.in സന്ദർശിക്കുക.

ഡോ. ടി.പി. സേതുമാധവന്‍


കടപ്പാട് : കേരള കൗമുദി




Read also

Comments