New Posts

TAX PLANNING 2014-15 | ആദായ നികുതി ബാദ്ധ്യത - പുതിയ കേന്ദ്ര ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍


 ആദായ നികുതി ബാദ്ധ്യത - പുതിയ കേന്ദ്ര ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍



                              

                            കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്ലി എന്‍.ഡി.എ സര്‍ക്കാരിന്റെ  കന്നി ബഡ്ജറ്റ് പാര്‍ലമെന്റില്‍  അവതരിപ്പിച്ച് കഴിഞ്ഞിരിക്കുന്നു. 2014-15 സാമ്പത്തിക വര്‍ഷക്കാലയളവിലേക്ക് ഇതിനകം അധികാരം ഒഴിഞ്ഞ യു.പി.എ സര്‍ക്കാരിനുവേണ്ടി അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റിലെ നികുതി ഘടനയില്‍ കാര്യമായ വ്യതിയാനങ്ങള്‍ വരുത്താതെയാണ് ഇപ്പോള്‍ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും, ആദായനികുതി ബാദ്ധ്യതയില്‍ ഇടത്തട്ട് വരുമാനക്കാരായ വ്യക്തി നികുതിദായകര്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഉണ്ട്.  സാധാരണ വ്യക്തിഗത നികുതിദായകര്‍ രണ്ട് ലക്ഷം രൂപയ്ക്ക് മേല്‍ വരുന്ന  ആദായത്തിന് നികുതി നല്‍കണമെന്നായിരുന്നുവെങ്കില്‍, ആ പരിധി രണ്ടരലക്ഷമായി ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നു. ഒപ്പം സമ്പാദ്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ആദായനികുതി വകുപ്പ് 80 സി പ്രകാരം അനുവദിച്ചിരിക്കുന്ന നികുതി ഇളവ്  ഒരു ലക്ഷം രൂപ എന്നത് ഒന്നരലക്ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്. സ്വന്തം താമസത്തിനായി ഭവന നിര്‍മ്മാണ വായ്പയിന്മേലുള്ള പലിശ ഇനത്തിലെ  നികുതി ഇളവ് നികുതി നിയമം 24 വകുപ്പ് അനുസരിച്ച് ഒന്നരലക്ഷം രൂപവരെ ലഭിച്ചിരുന്നവര്‍ക്ക് ഇനി മുതല്‍ രണ്ട് ലക്ഷം രൂപയുടെ ഇളവ് ലഭിക്കും.

മേല്‍ സൂചിപ്പിച്ച ഇളവുകള്‍ അനുവദിച്ചുവെങ്കിലും നിലവിലുള്ള നികുതി നിരക്കുകള്‍ മാറ്റം കൂടാതെ തുടരും. ഇതനുസരിച്ച് സാധാരണ വ്യക്തിഗത നികുതിദായകര്‍ രണ്ടര ലക്ഷം രൂപയ്ക്കും അഞ്ചു ലക്ഷം രൂപയ്ക്കും ഇടയിലുള്ള വരുമാനത്തിന് പത്തു ശതമാനം നിരക്കില്‍ നികുതി അടയ്ക്കണം. 60 - 80  പ്രായ പരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ മൂന്നു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിലുള്ള തുകയ്ക്ക് മാത്രം പത്തു ശതമാനം നിരക്കില്‍ നികുതി ബാദ്ധ്യതയുള്ളവരായി മാറുന്നു. 80നുമേല്‍ പ്രായമുള്ള ഏറ്റവും മുതിര്‍ന്ന പൗരന്മാര്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി അടയ്ക്കേണ്ടതില്ല.
അഞ്ചുലക്ഷം രൂപ മുതല്‍  പത്തു ലക്ഷം രൂപ വരെ ഇരുപതു ശതമാനവും പത്തു ലക്ഷത്തിന്   മേല്‍ വരുന്ന തുകയ്ക്ക് മുപ്പതു ശതമാനമാണ് നികുതി ബാദ്ധ്യത. ഈ രണ്ട് നിരക്കുകള്‍ക്കും പ്രായഭേദം ബാധകവുമല്ല. മൂന്നു വിവിധ നിരക്കുകളില്‍ കണക്കാക്കപ്പെടുന്ന നികുതി തുകയുടെ മൂന്നു ശതമാനം വിദ്യാഭ്യാസ സെസ് ഇനത്തില്‍ക്കൂടി ഉള്‍ക്കൊള്ളിച്ചാകണം മൊത്തം നികുതി ബാദ്ധ്യത കണക്കാക്കേണ്ടത്. ശമ്പള വരുമാനക്കാര്‍ വാര്‍ഷിക ശമ്പളം, ക്ഷാമബത്ത,  വീട്ടുവാടക അലവന്‍സ്, പെന്‍ഷന്‍, കമ്മിഷന്‍, ഉത്സവബത്ത, ശമ്പളത്തിനു പകരമുള്ള  ലാഭവിഹിതം, ലീവ് സറണ്ടര്‍ അലവന്‍സ് തുടങ്ങി  വിവിധ ഇനങ്ങളിലെ വരുമാനം ഒത്തുചേര്‍ന്നാണ് മൊത്തം വരുമാനം തിട്ടപ്പെടുത്തുക. ഈ തുകയില്‍ നിന്നും തൊഴില്‍ക്കരം കുറവ് ചെയ്യാം. ഇതിനോടൊപ്പം ശമ്പള വരുമാനത്തിനു പുറമേ മറ്റ് മാര്‍ഗങ്ങളില്‍ ലഭിക്കുന്ന ആദായം കൂടി ഉള്‍പ്പെടുത്തി വേണം നികുതി ബാദ്ധ്യത  കണക്കാക്കേണ്ടത്. ചില വ്യവസ്ഥകള്‍ക്ക് വിധേയമായി വീട്ടുവാടക അലവന്‍സ് ഭാഗികമായോ പൂര്‍ണമായോ ശമ്പള വരുമാനത്തില്‍ നിന്നും കുറവ് ചെയ്യാനാവും. എന്നാല്‍, ഇതിന് അര്‍ഹത നേടാനായി നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കപ്പെടണം.

മൊത്തം വരുമാനത്തില്‍ നിന്നും ശമ്പള വരുമാനക്കാര്‍ക്ക്  ലഭിക്കുന്ന ഒന്നരലക്ഷം രൂപവരെയുള്ള ഇളവിനെക്കുറിച്ചാണ് നികുതി നിയമം 80 സി വകുപ്പ് പ്രതിപാദിക്കുന്നത്. ഈ ഇളവ് ലഭിക്കുന്നതിനായി പ്രോവിഡന്റ് ഫണ്ട് നിക്ഷേപം, സ്വന്തം പേരിലോ, ഭാര്യ ഭര്‍ത്താവ്, കുട്ടികള്‍ എന്നിവരുടെ പേരിലോ ഉള്ള ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയം, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപം, മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് നിക്ഷേപം,  മ്യൂച്ചല്‍ ഫണ്ട്  പെന്‍ഷന്‍ ഫണ്ട് നിക്ഷേപം, ഭവന വായ്പയിലെ മുതല്‍ തുക തിരിച്ചടച്ചത്,  രണ്ട് സന്താനങ്ങളുടെ മുഴുവന്‍ സമയ പഠന ട്യൂഷന്‍ ഫീസ്, അഞ്ചു വര്‍ഷ പോസ്റ്റ് ഓഫീസ് നിക്ഷേപം തുടങ്ങി നിശ്ചിത ഇനങ്ങളിലെ മൊത്തം തുകയാണ് പരിഗണിക്കുക.
പുതുക്കിയ ആദായ നികുതി നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി  ശമ്പള വരുമാനക്കാരായ സാധാരണ വ്യക്തിഗത നികുതിദായകന്‍ 2014-15 സാമ്പത്തിക വര്‍ഷത്തേക്ക് 2015-16 അസസ്‌മെന്റ് വര്‍ഷത്തേക്ക് നല്‍കേണ്ടിവരുന്ന  നികുതി തുക കണക്കാക്കാനാകും വിധമുള്ള പ്രാഥമിക വിവരങ്ങള്‍ പട്ടിക ഒന്നില്‍ നിന്നു ലഭിക്കും.

പട്ടിക ഒന്ന്

2014 - 15 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പള വരുമാനക്കാരായ വ്യക്തിഗത നികുതിദായകരുടെ ആദായ നികുതി ബാദ്ധ്യത (ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍)


വാര്‍ഷികവരുമാനം - 80 സി പരമാവധി ഇളവ് -നികുതി ബാദ്ധ്യതയുള്ള അറ്റാദായം - നികുതി ബാദ്ധ്യത
രൂപ                                  രൂപ                                    രൂപ                           രൂപ
4,00,000                           1,50,000                    2,50,000                     ഇല്ല
6,00,000                      1,50,000                      4,50,000                 20, 000
8,00,000                      1,50,000                  6,50,000                      55, 000
10,00,000                   1,50,000                       8,50,000                 95, 000
12,00,000                   1,50,000                   10,50,000                 1,45, 000

കുറിപ്പ് : നികുതി ബാദ്ധ്യതയുള്ള തുകയോടൊപ്പം മൂന്നു ശതമാനം വിദ്യാഭ്യാസ സെസ് കൂടി ഉള്‍പ്പെടുത്തണം
80 സി വകുപ്പ് അനുസരിച്ചുള്ള നികുതി ഇളവ് മാത്രമാണ് പട്ടികയില്‍ കാണിച്ചിട്ടുള്ള വരുമാന തുകകളില്‍ നികുതി ബാദ്ധ്യത തിട്ടപ്പെടുത്താന്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. 80-ാം വകുപ്പിലെ വിവിധ ഉപ വകുപ്പുകള്‍ പ്രകാരം നികുതി ബാദ്ധ്യതയുള്ള വരുമാനം കുറച്ചുകൊണ്ടുവരാന്‍ അതിന് അര്‍ഹതയുള്ള നികുതിദായകര്‍ക്കാകും.  സാധാരണ നിലയില്‍  ഒരു വ്യക്തിഗത നികുതിദായകന് ഇതിനായി ഉപയോഗപ്പെടുത്താവുന്ന ചില ഇളവുകളെക്കുറിച്ച്  പട്ടിക രണ്ടില്‍ നിന്നും അറിയാം. അഞ്ചുലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് നികുതി നിരക്കനുസരിച്ച് കണക്കാക്കുന്ന തുകയില്‍ 2000 രൂപ നികുതി കിഴിവിന് അര്‍ഹതയുണ്ട്.


പട്ടിക രണ്ട്

80 സി വകുപ്പിന് പുറമേ വ്യക്തിഗത നികുതിദായകന് അനുവദിക്കപ്പെടുന്ന ഇളവുകള്‍

വകുപ്പ്                                          ഇനം                                            പരമാവധി തുക
24    റിപ്പയര്‍, മെയിന്റനന്‍സ്, പുനര്‍ നിര്‍മ്മാണം  എന്നിവയ്ക്കായി എടുത്ത ഭവനവായ്പ (ഏത് സന്ദര്‍ഭത്തിലും)  പലിശ    30,000
24    സ്വന്തം താമസത്തിനുള്ള ഭവന വായ്പാ പലിശ 1.4.1999 ന് മുമ്പുള്ളത്     30,000

24  ഭവന വായ്പ 1.4.1999 നു ശേഷമുള്ളത്  (സ്വന്തം താമസത്തിനുള്ളത്)  2,00,000

80 CCC  ഇന്‍ഷ്വറന്‍സ് പ്രീമിയം ആന്വിറ്റി    1,00,000

80 CCD  പെന്‍ഷന്‍ അക്കൗണ്ട് നിക്ഷേപം
(എന്നാല്‍ 80 C, 80 CCC, 80 CCD എന്നിവയിലെ മൊത്തം ഇളവ്, 1,50,000 രൂപ മാത്രമാകും)   ശമ്പളത്തിന്റെ 10 %

80 D   മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം (സ്വന്തം പേരിലോ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരുടെ പേരിലോ)     15,000,    20,000

80 D മെഡിക്കല്‍  ഇന്‍ഷ്വറന്‍സ് (മാതാപിതാക്കളുടെ പേരില്‍) (മുതിര്‍ന്ന പൗരന് 40,000 രൂപ)  മുതിര്‍ന്ന പൗരന് 15,000


80 DD    അംഗവൈകല്യമുള്ള ആശ്രിതരുടെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം (അംഗവൈകല്യം 85 ശതമാനത്തിന് മേല്‍ എങ്കില്‍ ഒരു ലക്ഷം രൂപ)    50,000

80 DD B നിശ്ചിതവും ഗുരുതരവുമായ രോഗത്തിന് ചികിത്സാ ചെലവ് (സ്വന്തം അല്ലെങ്കില്‍  ആശ്രിതര്‍ക്ക്)   (മുതിര്‍ന്ന പൗരന് 60,000 രൂപ)     40,000

80 E  സംഭാവന അംഗീകൃത ഇനങ്ങളില്‍ 100%,  മറ്റ് ചിലവയ്ക്ക്  50%
50% ഇളവിനുള്ള സംഭാവനയും അംഗീകൃതവും വരുമാനത്തിന്റെ 10%ല്‍ കവിയാത്തതുമാകണം.

80 U    അംഗവൈകല്യമുള്ള നികുതിദായകര്‍ക്ക്  (ബുദ്ധിമാന്ദ്യം, അന്ധത ഉള്‍പ്പെടെ) (ഈ വൈകല്യം ഗുരുതരമെങ്കില്‍)     50,000,  1,00,000
പെന്‍ഷന്‍ തുക ശമ്പള

വരുമാനത്തോടൊപ്പം ആണ് ഉള്‍പ്പെടുത്തുന്നത്. എന്നാല്‍, ഫാമിലി പെന്‍ഷന്‍ മറ്റിനം വരുമാനത്തോടൊപ്പമാണ് ഉള്‍പ്പെടുത്തേണ്ടത്. സാധാരണ നിലയിലുള്ള ഫാമിലി പെന്‍ഷനില്‍ മൊത്തം തുകയുടെ മൂന്നിലൊന്നോ, 15,000 രൂപയോ ഏതാണ് കുറഞ്ഞ തുക എന്നത്  സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി കുറവ് ചെയ്യാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പറ്റുമ്പോള്‍ ലഭിക്കുന്ന ഗ്രാറ്റിവിറ്റി (DCRG) പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍, ലീവ് സറണ്ടര്‍ അലവന്‍സ് എന്നിവ ആദായ നികുതിയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.
മക്കള്‍, ഭാര്യ, ഭര്‍ത്താവ് എന്നിവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി എടുത്ത വായ്പയുടെ പലിശ തുകയും പൂര്‍ണമായി ആദായ നികുതി ഇളവിന്  പരിഗണിക്കും. വീട്ടുവാടക അലവന്‍സ് ലഭിക്കാത്തവര്‍ക്ക് സ്വന്തമായി ഇന്ത്യയില്‍  എവിടെയും  സ്വന്തമായി ഭവനം ഇല്ലെങ്കില്‍  പ്രതിമാസം പരമാവധി 2000 രൂപ നിരക്കില്‍ നികുതി ഇളവ് നേടാം.
നികുതി ബാദ്ധ്യത സമ്പാദ്യ നിക്ഷേപത്തിലൂടെയും മറ്റ് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയും  കുറച്ചുകൊണ്ടുവരുന്നതിന് പ്രയോജനകരമായ വിവരങ്ങളാണ്  ഈ കുറിപ്പില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്റില്‍ വിശദമായ  ചര്‍ച്ച നടക്കുമ്പോള്‍ ഇനിയും ചില ഭേദഗതികള്‍ ഉണ്ടായി എന്നുവരാം. എന്നാല്‍, തത്കാലം, 2014-15 വര്‍ഷത്തെ വരുമാനത്തിന് നികുതി ബാദ്ധ്യത തിട്ടപ്പെടുത്തി ഓരോ മാസവും നിശ്ചിത തുക അടയ്ക്കാന്‍
നികുതി ദായകന് ഈ കുറിപ്പിലെ വിവരങ്ങള്‍ പ്രയോജനപ്പെടുത്താം.

ഡോ. എം. ശാര്‍ങ്‌ഗധരന്‍


കടപ്പാട് : കേരള കൗമുദി



Read also

Comments