New Posts

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ...?


ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ...?



ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ... ?
ഈ വരികളില്‍ തുടങ്ങുന്ന ശൂരനാട് തെക്ക് സ്വദേശി ഇഞ്ചക്കാട് ബാലചന്ദ്രന്റെ കവിത സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാവുന്നു . 
യുവകലാ സാഹിതി കായംകുളം കായലില്‍ നടത്തിയ പരിസ്ഥിതി ജലജാഥയ്ക്കായി  22 വര്‍ഷം  മുമ്പെഴുതിയതാണിത്. ആലപ്പാട് പഞ്ചായത്തിലെയും കായംകുളം കായലിലെയും പാരിസ്ഥിതിക പ്രശ്നങ്ങളും അവിടത്തെ ജനങ്ങളുടെ അതിജീവനവുമായിരുന്നു കവിതയ്ക്ക് ആധാരം. ആരെഴുതിയതെന്ന് വ്യക്തമാകാതെ അന്ന്    ഏറെ പ്രചരിച്ചിരുന്നു.   ആദിവാസികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തി വരുന്ന  നില്‍പ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ഈ മാസം 18ന് നടന്ന പരിപാടിയില്‍ രശ്മി സതീഷ് ഏതാനും  കുട്ടികള്‍ക്കൊപ്പം ഹൃദ്യമായി  പാടിയ കവിത   വീണ്ടും  ലോക ശ്രദ്ധ നേടി.പരിസ്ഥിതി നാശത്തെ കുറിച്ചും മറ്റു പ്രതിപാദിക്കുന്ന കവിത ഇങ്ങനെ പോകുന്നു:

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ?
ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള് പാടിയ പാട്ടുകള്‍,
ഒക്കെയിന്നു നിലച്ചു കേള്‍പ്പതു ഭൂമി തന്നുടെ നിലവിളി.
നിറങ്ങള്‍ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്‌നിലം.

ഇത്രയും ശക്തമായൊരു വരികള്‍ അടുത്ത നാളുകളിലൊന്നും കേട്ടിട്ടില്ല.
മലിനമായ ജലാശയത്തെയും  ഭൂമിയെയും  കുറിച്ച്    ബാലചന്ദ്രന്‍  1992ല്‍   എഴുതിയ  ശീര്‍ഷകമില്ലാത്ത  ഈ കവിതയുടെ  പ്രസക്തിയും  ഏറുകയാണ്. 

VIDEO SONG
 




LYRICS 

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ?
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും.

ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയിന്നു നിലച്ചു കേള്‍പ്പതു ഭൂമി തന്നുടെ നിലവിളി.
നിറങ്ങള്‍ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം.

തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയോരോ മലകളും,
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകള്‍ സര്‍വ്വവും.
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയാണെന്‍ പിറവിയെന്നാല്‍-വിത്തുകള്‍ തന്‍ മന്ത്രണം.

പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം, അണുനിലയം, യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം..
വികസനം- അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന് തുടങ്ങണം,
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കാകണം.

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ


Read also

Comments