New Posts

കുട്ടികള്‍ കളിച്ചോട്ടെ


കുട്ടികള്‍ കളിച്ചോട്ടെ



    അവധിക്കാലം ശാരീരിക, മാനസിക ആരോഗ്യം സ്വായത്തമാകാന്‍ ഉതകുന്നതരത്തില്‍ വിനിയോഗിക്കണം. അതിനായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനത്തില്‍ വിശദമാക്കുന്നത്‌

നമ്മുടെ കുട്ടികള്‍ അവധിക്കാലം ചെലവഴിക്കാന്‍ തെരഞ്ഞെടുക്കുന്ന നേരമ്പോക്കുകള്‍ അവരുടെ ആരോഗ്യത്തെ എങ്ങനെയാണ്‌ സ്വാധീനിക്കുന്നതെന്ന്‌ അറിയണം. ടിവി, ഇന്റര്‍നെറ്റ്‌, ഗെയിമുകള്‍ തുടങ്ങിയവ ഗുണവും ദോഷവും ഒരുപോലെ ഉണ്ടാക്കുന്നുണ്ട്‌. അവയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നൃത്തം, സംഗീതം, ചിത്രകല തുടങ്ങിയവയില്‍ അഭിരുചിയുള്ള കുട്ടികളെ അത്‌ അഭ്യസിപ്പിക്കണം. ഇത്‌ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗം കൂടിയാണ്‌.
അടിച്ചുപൊളിക്കുന്നതിനൊപ്പം അവധിക്കാലം ശാരീരിക, മാനസിക ആരോഗ്യം സ്വായത്തമാകാന്‍ ഉതകുന്നതരത്തില്‍ വിനിയോഗിക്കണം. അതിനായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനത്തില്‍ വിശദമാക്കുന്നത്‌.

      ടെലിവിഷന്‍

               ടിവിയുടെ മിതമായ ഉപയോഗം വിനോദത്തിനും വിവരസമ്പാദനത്തിനും സഹായകമാണ്‌. എന്നാല്‍ അനിയന്ത്രിതമായ ടിവി കാഴ്‌ചയ്‌ക്ക് പല ദൂഷ്യഫലങ്ങളുമുണ്ട്‌. നല്ല ആശയവിനിമയശേഷിയും സാമൂഹ്യമര്യാദകളും ആഗ്രഹിക്കുന്നവര്‍ മറ്റുള്ളവരോട്‌ ഇടപഴകുകയും അവരുടെ പ്രതികരണങ്ങള്‍ക്കനുസരിച്ച്‌ പെരുമാറ്റത്തില്‍ മാറ്റം വരുത്താനും ശ്രമിക്കണം. കിട്ടുന്ന സമയം ടിവിയോടൊത്തു ചെലവഴിക്കുന്ന കുട്ടികള്‍ക്ക്‌ ഇതിനുള്ള അവസരങ്ങള്‍ നഷ്‌ടമാകുന്നു. അതിനാല്‍ അവര്‍ വാഗ്‌ബുദ്ധിയിലും വൈകാരികബുദ്ധിയിലും പിന്നാക്കം പോകുന്നു.
രംഗങ്ങള്‍ അതിവേഗം മാറുന്ന പ്രോഗ്രാമുകള്‍ കണ്ടുശീലിക്കുന്നവര്‍ ദൈനംദിനജീവിതത്തിലും അത്തരമൊരു ദ്രുതഗതി പ്രതീക്ഷിക്കാന്‍ തുടങ്ങുന്നു. അതുവഴി നിത്യജീവിതത്തില്‍ അവര്‍ക്ക്‌ വിരസതയും ഏകാഗ്രതയില്ലായ്‌മയും അനുഭവപ്പെടാന്‍ കളമൊരുങ്ങും. ദൃശ്യങ്ങള്‍ക്കു പ്രാമുഖ്യം കൊടുക്കുന്ന ടിവിയുടെ നിരന്തരമായ കാഴ്‌ച ഭാഷ കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഇടതുഭാഗത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുന്നുണ്ട്‌.
അക്രമരംഗങ്ങള്‍ അവിരാമം കാണുന്നത്‌ നിര്‍വികാരത രൂപപ്പെടാനും, സഹാനുഭൂതി നശിക്കാനും, ആക്രമണോത്സുകത വളരാനും ഇടയാക്കുന്നുണ്ട്‌. ഈ ദുര്‍ഗുണങ്ങള്‍ ചിലരിലെങ്കിലും മുതിര്‍ന്നുകഴിഞ്ഞും മാറാതെ നില്‍ക്കാം. കൊല്ലും കൊലയും ഹാസ്യരൂപത്തിലോ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള എളുപ്പമാര്‍ഗമായോ അവതരിപ്പിക്കപ്പെടുന്നതും, ചെറിയ പ്രകോപനങ്ങളില്‍പ്പോലും അടിപിടിക്കൊരുങ്ങുന്ന നായക കഥാപാത്രങ്ങളും, ഒരു ശിക്ഷയും കിട്ടാതെ രക്ഷപ്പെടുന്ന വില്ലന്മാരുമൊക്കെ കുഞ്ഞുമനസുകളില്‍ സൃഷ്‌ടിക്കുക നല്ല അനുരണനങ്ങളല്ല.
മദ്യപാനം, പുകവലി, കുത്തഴിഞ്ഞ ലൈംഗികത തുടങ്ങിയവ ആസ്വാദ്യകരമോ തമാശയോ ആയി അവതരിപ്പിക്കുന്നതും അവയുടെ പ്രത്യാഘാതങ്ങള്‍ പരാമര്‍ശിക്കാത്തതും കുട്ടികളെ ദുസ്വഭാവങ്ങളിലേക്ക്‌ ആകര്‍ഷിപ്പിക്കാം. വ്യായാമം ഇല്ലാതാക്കിയും, എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കാനുള്ള അവസരമൊരുക്കിയും, ആരോഗ്യത്തിനു നന്നല്ലാത്ത ഭക്ഷണോത്‌പന്നങ്ങളില്‍ പരസ്യങ്ങളിലൂടെ താല്‍പര്യം ജനിപ്പിച്ചും ടിവി കുട്ടികളിലെ അമിതവണ്ണത്തിനും കാരണമാകുന്നു.
ആറുവയസില്‍ താഴെ പരസ്യങ്ങളും പ്രോഗ്രാമുകളും വേര്‍തിരിച്ചറിയുക പ്രയാസമായിരിക്കും. എട്ടൊമ്പതു വയസുവരെ പരസ്യങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനായി കമ്പനികള്‍ കാശുകൊടുത്തു സംപ്രേഷണം ചെയ്യിക്കുന്നവയാണ്‌ എന്ന തിരിച്ചറിവു കണ്ടേക്കില്ല. പരസ്യങ്ങളുടെ പ്രധാനോദ്ദേശ്യം നമ്മുടെ പണം കൈക്കലാക്കുകയാണെന്ന്‌ ബോധ്യപ്പെടുത്തിക്കൊടുക്കണം. ഓരോ പരസ്യവും ആളുകളെ ആകര്‍ഷിക്കാന്‍ എന്തൊക്കെ അടവുകളാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌ എന്നു കണ്ടുപിടിക്കല്‍ ഒരു കളിയായി വളര്‍ത്തിയെടുക്കുക. പരസ്യങ്ങള്‍ക്ക്‌ കുരുന്നുമനസുകളില്‍ അനര്‍ഹമായ പ്രാധാന്യം കിട്ടുന്നതു തടയാന്‍ ഇത്‌ സഹായിക്കും.

                                                                                        കടപ്പാട് : മംഗളം

 

 

Read also

Comments