New Posts

പരീക്ഷാപ്പേടി ഒഴിവാക്കാം


പരീക്ഷാപ്പേടി ഒഴിവാക്കാം


പരീക്ഷാപ്പേടി ഒഴിവാക്കാം
          ജീവിതത്തില്‍ നാം പരീക്ഷകളെ അഭിമുഖീകരിച്ചേ മതിയാവൂ. അതിനാല്‍ എന്തുകൊണ്ട്‌ പരീക്ഷയെ ഇഷ്‌ടപ്പെട്ടുകൂടാ? പരീക്ഷയെ ഇഷ്‌ടപ്പെടുകയാണ്‌ പരീക്ഷ ആയാസരഹിതമാക്കാനുള്ള, പരീക്ഷയോടുള്ള പേടി ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം.
പരീക്ഷക്കാലമായി. ഇനി പഠനത്തിന്റെ തീച്ചൂളയിലാണ്‌ കുട്ടികള്‍. എന്നാല്‍ പരീക്ഷാപ്പേടിയില്‍ തളര്‍ന്നു വീഴുന്നവരും ധാരാളമുണ്ട്‌. നന്നായി പഠിക്കുകയും ക്ലാസ്‌ പരീക്ഷകളില്‍ ഒന്നാം സ്‌ഥാനത്തു നില്‍ക്കുകയും ചെയ്യുന്ന കുട്ടികള്‍ വാര്‍ഷിക പരീക്ഷയില്‍ പതറിപ്പോകുന്നത്‌ പരീക്ഷാപ്പേടി ഒന്നുകൊണ്ടുമാത്രമാണ്‌.
സ്‌കൂളുകളിലും കോളജുകളിലും ജോലിസംബന്ധമായും അല്ലാതെയുമൊക്കെ പരീക്ഷകള്‍ നമുക്ക്‌ അനിവാര്യമാണ്‌. ചിലര്‍ പരീക്ഷകളെ ഇഷ്‌ടപ്പെടുമ്പോള്‍ മറ്റുചിലര്‍ പരീക്ഷകളെ ഭയക്കുന്നു. ജീവിതത്തില്‍ നാം പരീക്ഷകളെ അഭിമുഖീകരിച്ചേ മതിയാവൂ.
അതിനാല്‍ എന്തുകൊണ്ട്‌ പരീക്ഷയെ ഇഷ്‌ടപ്പെട്ടുകൂടാ? പരീക്ഷയെ ഇഷ്‌ടപ്പെടുകയാണ്‌ പരീക്ഷ ആയാസരഹിതമാക്കാനുള്ള, പരീക്ഷയോടുള്ള പേടി ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. അങ്ങനെ ശാന്തമായ മനസോടെ, ഒരു കളിയെന്നപോലെ പരീക്ഷയെ സമീപിച്ചാല്‍ ആര്‍ക്കും ഉയര്‍ന്ന മാര്‍ക്കില്‍ പാസാകാം.

പരീക്ഷയ്‌ക്ക് ഒരുങ്ങാം
വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ്‌ ഒരു വ്യക്‌തി ഏറ്റവും കൂടുതല്‍ പരീക്ഷകളെ അഭിമുഖീകരിക്കുന്നത്‌. വര്‍ഷത്തിന്റെ ആദ്യ പകുതി മിക്ക കോഴ്‌സുകളുടെയും അവസാന പരീക്ഷകളുടെ സമയമാണ്‌. ഈ പുതുവത്സരവും അതില്‍ നിന്നും വ്യത്യസ്‌തമല്ല.
പരീക്ഷയ്‌ക്ക് ഒരുങ്ങുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോടം പരീക്ഷാഭയം, മാനസിക പിരിമുറുക്കം എന്നിവ സര്‍വസാധാരണമാണ്‌.
പഠിക്കുവാന്‍ സാധിക്കുമോ, പരീക്ഷയ്‌ക്കു മുമ്പ്‌ പഠിച്ചു തീരുമോ, പഠിച്ചതെല്ലാം ഓര്‍മ്മിക്കാന്‍ സാധിക്കുമോ, സമയത്തിനുള്ളില്‍ പരീക്ഷ എഴുതിത്തീര്‍ക്കാന്‍ കഴിയുമോ, നല്ല മാര്‍ക്ക്‌ ലഭിക്കുമോ, വിജയിക്കുമോ എത്രമാര്‍ക്ക്‌ കിട്ടിയാല്‍ ഉയര്‍ന്ന കോഴ്‌സുകള്‍ക്ക്‌ അഡ്‌മിഷന്‍ ലഭിക്കും എന്നിങ്ങനെ ഒട്ടേറെ ചിന്തകള്‍ പരീക്ഷക്കാലമടുക്കുന്നതോടെ കുട്ടിയെ വേട്ടയാടാന്‍ തുടങ്ങും.
മുതിര്‍ന്നവരുടെ അമിത പ്രതീക്ഷകള്‍, കൈകടത്തലുകള്‍, താരതമ്യങ്ങള്‍ എന്നിവ പ്രശ്‌നം ഗുരുതരമാക്കും. ഭയവും പിരിമുറുക്കവും കുട്ടിയുടെ ഓര്‍മ്മശക്‌തി, ധൈര്യം, മറ്റ്‌ കഴിവുകള്‍ എന്നിവയെ തളര്‍ത്താം. അതിനാല്‍ അവയെ ശാസ്‌ത്രീയമായി മറികടക്കുവാന്‍ കുട്ടിയെ സഹായിക്കേണ്ടിയിരിക്കുന്നു. ഇത്‌ കുട്ടിയുടെ വിജയത്തിന്‌ അനിവാര്യവുമാണ്‌.

ലക്ഷ്യം മുന്നില്‍ സൃഷ്‌ടിക്കുക
സ്‌റ്റീഫന്‍ ആര്‍ കോവേയുടെ 'അവസാനം കണ്ട്‌ ആരംഭിക്കുക' എന്ന തത്വം ഇവിടെ അന്വര്‍ഥമാണ്‌. ഇതിന്റെ അര്‍ഥം ലക്ഷ്യം മനസില്‍ ഉറപ്പിച്ച്‌ പ്രവൃത്തി ആരംഭിക്കുക എന്നതാണ്‌.
റൈറ്റ്‌ സഹോദരങ്ങള്‍ ആകാശത്തുകൂടി പറക്കുന്ന യന്ത്രം മനസില്‍ സൃഷ്‌ടിച്ചതിന്‌ ശേഷമാണ്‌ വിമാനം യാഥാര്‍ഥ്യമാക്കിയത്‌. ഇത്‌ മനുഷ്യനു മാത്രമുള്ള കഴിവാണ്‌. ഈ വിഷ്വലൈസേഷന്‍ പ്രക്രിയ പഠനകാര്യത്തിലും ഉണ്ടാകണം. എങ്ങനെ പഠിക്കണം, എത്രമാര്‍ക്ക്‌ വാങ്ങണം, പരീക്ഷ ഭംഗിയായി എഴുതുക, നല്ല റിസള്‍ട്ട്‌ ലഭിക്കുക എന്നിവയെല്ലാം മസില്‍ സൃഷ്‌ടിക്കുകയും ഇവയെല്ലാം ലഭിയ്‌ക്കും എന്നുകരുതി പ്രയത്നിക്കുകയും വേണം.
ഇതിന്‌ ശാസ്‌ത്രീയമായി സഹായിക്കുന്ന ടെക്‌നിക്‌ ആണ്‌ 'ഗോള്‍ സെറ്റിങ്‌'. മനുഷ്യന്റെ തലച്ചോറില്‍ എണ്‍പതിനായിരത്തില്‍ അധികം ചിന്തകള്‍ ഒരു ദിവസം ഉത്ഭവിക്കുന്നു. ഈ ചിന്തകള്‍ ഊര്‍ജമാണ്‌. ചിതറിയ സൂര്യപ്രകാശത്തെ ലെന്‍സിലൂടെ കടത്തിവിടുമ്പോള്‍ അത്‌ വസ്‌തുക്കളെ ജ്വലിപ്പിക്കുന്നതുപോലെ ചിതറിയ ചിന്തകളെ ലക്ഷ്യത്തിലേക്ക്‌ കേന്ദ്രീകരിക്കുമ്പോള്‍ ലക്ഷ്യങ്ങള്‍ ഫലപ്രാപ്‌തിയില്‍ എത്തുന്നു.
ഈ വര്‍ഷം മാര്‍ച്ച്‌ മാസത്തില്‍ നടക്കുന്ന പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ മാര്‍ക്ക്‌ വാങ്ങി പാസാകും എന്ന ലക്ഷ്യം 'സെറ്റ്‌' ചെയ്യുന്ന കുട്ടി അവന്റെ ചിന്തകളെ അതിലേക്ക്‌ കേന്ദ്രീകരിക്കുമ്പോള്‍ അത്‌ സഫലമാകുന്നു.

                  എനിക്ക്‌ സാധിക്കും എന്ന വിശ്വാസം
'എനിക്ക്‌ കഴിയും' എന്ന ചിന്തയും വിശ്വാസവും ശരീരത്തില്‍ പോസിറ്റീവായ ഹോര്‍മോണുകളെ ഉത്‌പാദിപ്പിക്കും. ഇത്‌ ഓര്‍മ്മശക്‌തി, ശ്രദ്ധ, ധൈര്യം ഉള്‍പ്പെടെയുള്ള അവധി കഴിവുകളെ പ്രദാനം ചെയ്യും. ഇത്തരം കഴിവുകളുള്ള കുട്ടി പരീക്ഷയ്‌ക്ക് നന്നായി പഠിച്ച്‌ പരീക്ഷ എഴുതുന്നു. ഇത്‌ നല്ല പരീക്ഷാ ഫലത്തിന്‌ കാരണമാവുകയും കുട്ടിയുടെ കഴിവ്‌ വീണ്ടും വര്‍ധിക്കുകയും ചെയ്യുന്നു.

ഇന്നുതന്നെ തുടങ്ങുക
തുടര്‍ച്ചയായ പരിശീലനം ഓര്‍മ്മശക്‌തി നിര്‍ണയിക്കുന്നു. ആവര്‍ത്തനത്തിലൂടെ കാര്യങ്ങള്‍ ഹൃദിസ്‌ഥമാക്കേണ്ടവരാണ്‌ കുട്ടികളില്‍ അധികവും. ഇത്‌ സാധിക്കണമെങ്കില്‍ സമയമെടുത്തുള്ള പഠനരീതി ആവശ്യമാണ്‌. പരീക്ഷയുടെ തൊട്ടടുത്ത ദിവസങ്ങളില്‍ മാത്രം പഠിക്കുന്ന രീതി ഒഴിവാക്കണം.

Read also

Comments