New Posts

അവധിക്കാലം 2018


HAVE A NICE SUMMER VACATION




                   പരീക്ഷാക്കാലം കഴിഞ്ഞു.മറ്റൊരു അവധിക്കാലം കൂടി വന്നെത്തി. ഇനി രണ്ടുമാസം മധ്യവേനലവധിക്കാലം. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ദിനങ്ങളാണ്‌ അവധിക്കാലം. പാഠപുസ്തകങ്ങളുടേയും പഠന ടെന്‍ഷനുകളുടെയും പരീക്ഷകളുടെയും ഭാരം ഒന്നിറക്കി വെയ്ക്കാന്‍ കഴിഞ്ഞതിന്റെ സമാധാനത്തിലാണവര്‍. ഇനി സ്വാതന്ത്ര്യത്തിന്റെയും ആഹ്ലാദത്തിന്റെയും
 ദിനങ്ങള്‍.

അവധിക്കാലം അടിച്ചുപൊളിച്ച്‌ ആഹ്ലാദകരമാക്കുന്നതോടൊപ്പം ക്രിയാത്മകമായി ചെലവഴിക്കാനും സാധിക്കണം. നവോന്മേഷം കൈവരിച്ച്‌ അടുത്ത അധ്യയനവര്‍ഷം നേട്ടങ്ങളുടെതാക്കി മാറ്റുവാന്‍ വേണ്ടിയുള്ളതാണ്‌ അവധിക്കാലം എന്നോര്‍മിക്കണം. അതിനാല്‍ കളിയും ചിരിയും ചിന്തയും പഠനവുമെല്ലാം അവധിക്കാലത്തും ഉണ്ടാകണം.

        ആയാസരഹിതമായും ആഹ്ലാദപൂര്‍ണമായും കുട്ടികള്‍ അവധിക്കാലം കഴിച്ചുകൂട്ടട്ടെ. പൂത്തുമ്പികളെപ്പോലെ പാറി നടക്കാന്‍, കുസൃതി കാട്ടി രസിക്കാന്‍, ഉല്ലാസത്തോടെ ചുറ്റിക്കറങ്ങാന്‍ ഒക്കെ കുട്ടികള്‍ക്ക്‌ മോഹമുണ്ടാകും. അനുവദിക്കാവുന്നിടത്തോളം ആസ്വദിക്കാന്‍ മാതാപിതാക്കള്‍ അവസരം നല്‍കുക.  എന്തായാലും ഒരു കാര്യം ശ്രദ്ധിക്കുക കൂട്ടുകാരുമൊത്തുള്ള വിനോദങ്ങളിൽ അമിതാവേശത്താൽ അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കുക. പ്രത്യേകിച്ചും ജലാശയങ്ങളിലെ കളികളിൽ ജാഗ്രത പുലർത്തുക . പത്ര മാധ്യമങ്ങളിൽ ഇടയ്ക്കിടെ വരാറുള്ള ദുരന്ത വാർത്തകൾ ഈ അവധിക്കാലത്തെങ്കിലും ആവർത്തിക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ ഏവർക്കും സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു !!!





കാലിക പ്രാധാന്യം കണക്കിലെടുത്തു  ശ്രീ മുരളി തുമ്മാരുകുടിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റ് അനുബന്ധമായി ചേർക്കുന്നു

മുങ്ങിമരണങ്ങളുടെ വേനൽക്കാലം.

അടുത്ത വേനലവധി തുടങ്ങുകയാണ്. ഓരോ വേനലവധിക്കാലവും എനിക്ക് പേടിയുടെ കാലം കൂടിയാണ്. നാളെ മുതൽ ഒന്നും രണ്ടും മൂന്നുമായി കുട്ടികളുടെ മുങ്ങിമരണങ്ങളുടെ റിപ്പോർട്ടുകൾ വന്നു തുടങ്ങും.

റോഡപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം പേർ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്. ഓരോ വർഷവും ആയിരത്തി ഇരുന്നൂറിലധികം ആളുകളാണ് മുങ്ങിമരിക്കുന്നത്. എന്നാൽ റോഡപകടത്തെപ്പറ്റി ഏറെ വിവരങ്ങൾ, അതായത് എത്ര അപകടം ഉണ്ടായി, എത്ര പേർക്ക് പരിക്കു പറ്റി, എത്ര പേര് മരിച്ചു, ഏതൊക്കെ മാസങ്ങളിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് എന്നിങ്ങനെയുള്ള വിവരങ്ങൾ കേരളാ പോലീസിന്റെ വെബ് സൈറ്റിലുണ്ട്. എന്നാൽ മുങ്ങിമരണത്തെക്കുറിച്ച് ഇത്തരം വിവരങ്ങളൊന്നും ലഭ്യമല്ല.

മുങ്ങിമരണം എന്നത് കേരളത്തിലെ സുരക്ഷാ നിർവഹണ രംഗത്തെ ഒരു അനാഥ പ്രേതമാണ്. ഇതിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കുന്നില്ല എന്നതോ പോകട്ടെ, ഇതിനെതിരെ ബോധവൽക്കരണം നടത്താൻ റോഡ് സുരക്ഷാ അതോറിറ്റി പോലെ ഒരു അതോറിറ്റിയോ റോഡ് സുരക്ഷക്കുള്ളത് പോലെ ഒരു ഫണ്ടോ ഇല്ല എന്നതാണ് യാഥാർഥ്യം.

ഇതിന്റെ പ്രധാന കാരണം എല്ലാ റോഡപകടത്തിലും ഒരു ‘വില്ലൻ’ ഉണ്ട്, വാഹനം. അപ്പോൾ മരിച്ചയാളുടെ ബന്ധുക്കൾ, വണ്ടിയോടിച്ചിരുന്നത് വേറൊരാൾ ആയിരുന്നെങ്കിൽ അയാൾ, ഇൻഷുറൻസ് കമ്പനി, മരിച്ചയാൾക്ക് വേണ്ടി വാദിക്കുന്ന വക്കീൽ എന്നിങ്ങനെ ഈ മരണവുമായി ബന്ധപ്പെട്ടവർ ഏറെയുണ്ട്. റോഡപകടമുണ്ടായി ഒരാൾ ആശുപതിയിലെത്തുമ്പോൾ തന്നെ ‘കേസ് പിടിക്കാൻ’ വക്കീലുമാരുടെ ഏജന്റുകൾ അവിടെത്തന്നെയുണ്ട്.

മുങ്ങിമരണത്തിൽ ഇതൊന്നുമില്ല. മുങ്ങിമരിക്കുന്ന ആയിരത്തി ഇരുന്നൂറ് പേരിൽ ഒരു ശതമാനം പോലും ബോട്ട് മുങ്ങിയല്ല മരിക്കുന്നത്. അപ്പോൾ വെള്ളമില്ലാതെ മറ്റൊരു വില്ലനെ ചൂണ്ടിക്കാണിക്കാനില്ല. ഇൻഷുറൻസ് ഇല്ല, വക്കീൽ ഇല്ല, കേസ് ഇല്ല, ഏജന്റുമില്ല. നഷ്ടം കുടുംബത്തിനു മാത്രം.

കഴിഞ്ഞ വർഷം കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റി സിനിമ തീയേറ്ററിൽ ഒക്കെ ജല സുരക്ഷയെ പറ്റി മുന്നറിയിപ്പ് കൊടുത്തിരുന്നു. ഈ വർഷവും അത് തുടരും എന്ന് കരുതാം. വാസ്തവത്തിൽ നമ്മുടെ എല്ലാ ടി വി ചാനലുകളും പത്രങ്ങളും ഒരല്പം സമയമോ സ്ഥലമോ ഇതിനായി നീക്കി വച്ചാൽ എത്രയോ ജീവൻ രക്ഷിക്കാം. പക്ഷെ അതൊന്നും നമുക്ക് ഉറപ്പാക്കാവുന്ന കാര്യം അല്ലല്ലോ. അതുകൊണ്ടു നമുക്കാവുന്നത് ചെയ്യാം. ഓരോ വേനൽക്കാലത്തും കുട്ടികളുടെ സുരക്ഷക്ക് വേണ്ട ചില നിർദേശങ്ങൾ ഞാൻ ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല. പറ്റുന്നവർ പരമാവധി ഷെയർ ചെയ്യുക. എപ്പോഴും പറയുന്നതു പോലെ ഒരു ജീവനെങ്കിലും രക്ഷിക്കാനായാൽ അത്രയുമായല്ലോ!


ജലസുരക്ഷയ്ക്ക് ചില മാര്‍ഗങ്ങള്‍

1. ജലസുരക്ഷയെപ്പറ്റി ഇന്നുതന്നെ നിങ്ങളുടെ കുട്ടികളോട് സംസാരിക്കുക. ചുരുങ്ങിയത് എൻറെ വായനക്കാരിൽ ഒരാളുടെ കുട്ടി പോലും ഈ വേനലവധിക്കാലത്ത് മുങ്ങി മരിക്കാതിരിക്കട്ടെ.

2. തീ പോലെ വെള്ളം കുട്ടികള്‍ക്ക്‌ പേടിയോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്നും, മുതിര്‍ന്നവര്‍ ഇല്ലാതെ ഒരു കാരണവശാലും വെള്ളത്തിലേക്ക് ഇറങ്ങരുതെന്നും അവരെ നിര്‍ബന്ധമായും പറഞ്ഞു മനസ്സിലാക്കുക. അത് ഫ്‌ളാറ്റിലെ സ്വിമ്മിംഗ് പൂള്‍ ആയാലും ചെറിയ കുളമായാലും കടലായാലും.

3. നിങ്ങളുടെ കുട്ടിക്ക് നീന്താൻ അറിയില്ലെങ്കിൽ ഈ അവധിക്കാലം കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുക, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും.

4. അവധിക്ക് ബന്ധുവീടുകളില്‍ പോകുന്ന കുട്ടികളോട് മുതിർന്നവരില്ലാതെ കൂട്ടുകാരുടെ കൂടെ വെള്ളത്തില്‍ മീന്‍ പിടിക്കാനോ, യാത്രക്കോ, കുളിക്കാനോ, കളിക്കാനോ പോകരുതെന്ന് പ്രത്യേകം നിര്‍ദേശിക്കുക. വിരുന്നു പോകുന്ന വീടുകളിലെ മുതിര്‍ന്നവരെയും ഇക്കാര്യം ഓര്‍മിപ്പിക്കുന്നത് നല്ലതാണ്.

5. വെള്ളത്തില്‍ വെച്ച് കൂടുതലാകാന്‍  സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരം, മസ്സില്‍ കയറുന്നത്, ചില ഹൃദ്രോഗങ്ങള്‍) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക. കൂട്ടുകാരോടും ബന്ധുക്കളോടും അത് പറയുകയും ചെയ്യുക.

6. അവധികാലത്ത് ടൂറിന് പോകുമ്പോൾ വെള്ളത്തിൽ ഇറങ്ങുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാല്‍ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതണമെന്ന കാര്യം ആളുകളെ  ബോധ്യപ്പെടുത്തുക. ലൈഫ് ബോയ് കിട്ടാനില്ലാത്തവര്‍ വാഹനത്തിന്റെ വീര്‍പ്പിച്ച ട്യൂബില്‍ ഒരു നീണ്ട പ്ലാസ്റ്റിക് കയര്‍ കെട്ടിയാല്‍ പോലും അത്യാവശ്യ സാഹചര്യത്തില്‍ ഏറെ ഉപകാരപ്രദമായിരിക്കും.

7. ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തു ചാടരുതെന്ന് എല്ലാവരെയും  ബോധവൽക്കരിക്കുക. കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നത് മാത്രമാണ് സുരക്ഷിത മാര്‍ഗം.

8. വെള്ളത്തില്‍ യാത്രയ്‌ക്കോ കുളിക്കാനോ കളിക്കാനോ പോകുന്ന സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. മിക്കവാറും കേരളീയവസ്ത്രങ്ങള്‍ അപകടം കൂട്ടുന്നവയാണ്. ഒന്നുകില്‍ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുക, അല്ലെങ്കില്‍ സുരക്ഷയിൽ കൂടുതല്‍ ശ്രദ്ധിക്കുക.

9. വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം ചിലപ്പോൾ കാണുന്നതിനേക്കാൾ കുറവായിരിക്കാം. ചെളിയില്‍ പൂഴ്ന്നു പോകാം, തല പാറയിലോ, മരക്കൊമ്പിലോ അടിക്കാം. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക്  ഇറങ്ങുന്നതാണ് ശരിയായ രീതി.

10. ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികള്‍ സുരക്ഷിതരല്ല. ബാലന്‍സ് തെറ്റി വീണാല്‍ ഒരടി വെള്ളത്തിൽ പോലും മുങ്ങി മരണം സംഭവിക്കാം.

11. സ്വിമ്മിംഗ് പൂളിലെ ഉപയോഗത്തിനായി കമ്പോളത്തില്‍ കിട്ടുന്ന വായു നിറച്ച റിംഗ്, പൊങ്ങി കിടക്കുന്ന ഫ്‌ളോട്ട്, കയ്യില്‍ കെട്ടുന്ന ഫ്‌ളോട്ട് ഇവയൊന്നും പൂര്‍ണ സുരക്ഷ നല്‍കുന്നില്ല. ഇവയുള്ളതുകൊണ്ട് മാത്രം മുതിര്‍ന്നവരുടെ ശ്രദ്ധയില്ലാതെ വെള്ളത്തില്‍ ഇറങ്ങാൻ കുട്ടികൾ മുതിരരുത്.

12. നേരം ഇരുട്ടിയതിനു ശേഷം ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. അതുപോലെ തിരക്കില്ലാത്ത ബീച്ചിലോ, ആളുകള്‍ അധികം പോകാത്ത തടാകത്തിലോ, പുഴയിലോ പോയി ചാടാന്‍ ശ്രമിക്കരുത്.

13. മദ്യപിച്ചതിന് ശേഷം ഒരിക്കലും വെള്ളത്തിൽ ഇറങ്ങരുത്. നമ്മുടെ ജഡ്ജ്‌മെന്റ്റ് പൂർണ്ണമായും തെറ്റുന്ന സമയമാണത്. അനാവശ്യം റിസ്ക് എടുക്കും, കരകയറാൻ പറ്റാതെ വരികയും ചെയ്യും.

14. സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുമ്പോഴോ വെള്ളത്തില്‍ ഇറങ്ങരുത്.

15. ബോട്ടുകളില്‍ കയറുന്നതിന് മുൻപ് അതിൽ സുരക്ഷക്കുള്ള ലൈഫ് വെസ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കുക.






Read also

Comments