New Posts

E FILING OF INCOME TAX RETURN


E FILING



                                       മുൻ വർഷത്തെ (2015-16)  ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതിനുള്ള അവസാന തീയതി ജൂലൈ 31 എന്ന വിവരം ഇതിനകം തന്നെ അറിഞ്ഞുകാണുമല്ലോ! ഇനിയും ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവർക്കായി ഇതു സ്വയം ചെയ്യാനുതകുന്ന വളരെ ലളിതമായ മലയാളം ഹെൽപ്  ഫയൽ തയ്യാറാക്കിയിരിക്കയാണ്  വളരെ വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കണ്ടറി അധ്യാപകനായ ശ്രീ ബാബു വടക്കഞ്ചേരി സാർ.  ടാക്സ്  സംബന്ധമായ ഏറ്റവും പുതിയ നിർദേശങ്ങൾക്കും സോഫ്ട് വെയറുകൾക്കും EASY TAX എന്ന സാറിന്റെ ബ്ലോഗ് സന്ദർശിക്കാവുന്നതാണ് . വളരെ വിലപ്പെട്ട ഈ നോട്ട്സ്  ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ ബാബു വടക്കഞ്ചേരി  സാറിനോടുള്ള നന്ദി അറിയിക്കുന്നു.

എന്താണ് ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് ?

ഒരു വ്യക്തി ഒരു സാമ്പത്തീക വര്‍ഷം പൂര്‍ത്തീകരിച്ചതിനുശേഷം ആ വര്‍ഷത്തില്‍ താന്‍ നേടിയ വരുമാനം നിശ്ചിത പരിധി കടന്നാലോ അയാള്‍ അടച്ച നികുതി തുക ആവശ്യത്തില്‍കൂടുതലായി കണ്ട് തിരിച്ച് വാങ്ങലിനായി ശ്രമിക്കുന്നുണ്ടെങ്കിലോ, അതുമല്ല മറ്റു നിയമപരമായ കാരണങ്ങളാലോ വരുമാനത്തിന്റെയും നികുതി അടവിന്റെയും മറ്റും വിശദാംശങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ വരുമാന നികുതി വകുപ്പിന് സമര്‍പ്പിക്കെണ്ടാതായിട്ടുണ്ട്. ഈ വിവരസമര്‍പ്പണത്തെ ഇന്‍കംടാക്സ് റിട്ടേണ്‍ ഫയലിംഗ് എന്നു പറയുന്നു.
സാധാരണ ഗതിയില്‍ 2015-16 സാമ്പത്തീക വര്‍ഷത്തെ വിവരങ്ങള്‍ 2016 ജൂലായ്‌ 31 വരെ സമര്‍പ്പിക്കാന്‍ കഴിയും. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ സമാനമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഒരു രേഖ നമ്മള്‍ ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ഫോമില്‍ പേനകൊണ്ട് എഴുതി തയ്യാറാക്കിയോ സ്ഥാപന മേധാവിക്ക് (അല്ലെങ്കില്‍ ട്രഷറി ആപ്പീസര്‍) സമര്‍പ്പിച്ചിട്ടുണ്ടായിരിക്കും. ആ രേഖ ട്രഷറിയിലെക്കും ജീവനക്കാരന്റെ മേല്‍വകുപ്പ് മേധാവിയുടെ ഓഫീസിലേക്കും മാത്രം പോകുന്ന ഒന്നാണ്. അതിനെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് എന്ന പേരില്‍ വിശേഷിപ്പിക്കാന്‍ പാടില്ല.

ആരൊക്കെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് ചെയ്യണം ?

സാധാരണ ജീവനക്കാരനെ [60 വയസ്സില്‍ താഴെ ] സംബന്ധിച്ചിടത്തോളം തന്റെ 2015-16 സാമ്പത്തീക വര്‍ഷത്തെ വരുമാനം രണ്ടര ലക്ഷം കവിഞ്ഞാല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥനാണ്.
[ 60 വയസ്സിനും 80 വയസ്സിനും ഇടയിലുള്ളവര്‍ക്ക് പരിധി 3 ലക്ഷവും 80 നും അതിനു മേലേ ഉള്ളവര്‍ക്ക് പരിധി 5 ലക്ഷവും ]
ഇവിടെ വരുമാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗ്രോസ് വരുമാനമാണ്. അതായത് ചാപ്റ്റര്‍ VI A പ്രകാരമുള്ള ഇളവുകള്‍ കുറക്കുന്നതിനു മുന്‍പുള്ള വരുമാനം. ഒരു വ്യക്തി നികുതി കാണാനായി തന്റെ മൊത്ത വരുമാനത്തില്‍നിന്നും വകുപ്പ് 10 പ്രകാരവും ചാപ്റ്റര്‍ VI A പ്രകാരവുമുള്ള കിഴിവുകളും കിഴിച്ച് ടാകസബിള്‍ ഇന്‍കം (Taxable Income or Total Income ) കണ്ടെത്തുകയും അതിന്മേല്‍ നികുതി ഒടുക്കുകയുമാണ്‌ ചെയ്യുക. എന്നാല്‍ ഇവിടെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് നിര്‍ബന്ധമായും ചെയ്യേണ്ട വിഭാഗത്തില്‍പ്പെട്ടവനാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ ഗ്രോസ് വരുമാനമാണ് സൂചകം, അല്ലാതെ ടാകസബിള്‍ ഇന്‍കം മാനദണ്ഡമായി എടുക്കരുതെന്ന് പ്രത്യേകം ഓര്‍ക്കുക. മറ്റൊരു കാര്യവും സൂചിപ്പിക്കട്ടെ,

    റിട്ടേണ്‍ സമര്‍പ്പിക്കല്‍ എന്നത് വ്യക്തിപരമായി ഓരോരുത്തരും സ്വയം ചെയ്യേണ്ട കര്‍ത്തവ്യമാണെന്നും അല്ലാതെ സ്ഥാപനമേധാവിയുടെ പിരടിക്ക് വച്ച് തടി ഊരാന്‍ നോക്കേണ്ട ഒന്നല്ല എന്നും.

എങ്ങിനെ റിട്ടേണ്‍ സമര്‍പ്പിക്കാം.
പ്രധാനമായും രണ്ടു തരത്തില്‍ ആകാം.
1. പേപ്പര്‍ ഫയലിംഗ്
2. ഓണ്‍ ലയിനായി (ഇ-ഫയലിംഗ് )

1. പേപ്പര്‍ ഫയലിംഗ് വരുമാന നികുതി ആപ്പീസില്‍ നിന്നും ലഭിക്കുന്ന പേപ്പര്‍ ഫോമില്‍ പേനകൊണ്ട് പൂരിപ്പിച്ച് അവിടെ തന്നെ അത് സമര്‍പ്പിക്കുന്നതാണ് ഈ രീതി. ഇങ്ങനെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നിശ്ചിത മാതൃകയും നിറങ്ങളുമുള്ള പ്രത്യേക ഫോം തന്നെ വേണം. അത് ഇന്‍റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനോ വാങ്ങിക്കാനോ കഴിയില്ല. എല്ലാവര്‍ക്കും ഈ രീതിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയില്ല.

ചുവടെ പറയുന്നവര്‍ക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട് :-

• ടാകസബിള്‍ ഇന്‍കം അഥവാ ടോട്ടല്‍ ഇന്‍കം (ഇളവുകള്‍ക്ക് ശേഷമുള്ള വരുമാനം ) അഞ്ചു ലക്ഷം കവിയാത്തവര്‍

• 80 വയസ്സിനു മേലെ പ്രായമായവര്‍. ( ITR 1, ITR 2 എന്നിവ മാത്രം)


2. ഇ-ഫയലിംഗ് ഇന്റര്‍നെറ്റ് സൌകര്യമുള്ള കമ്പ്യൂട്ടര്‍ ഉപയൊഗിച്ച് സ്വയം ചെയ്യാവുന്ന രീതിയാണ് ഇത്. പൊതുവേ ചുവടെ പറയുന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ ഇ-ഫയലിംഗ് തന്നെ നിര്‍ബന്ധമായും ചെയ്തിരിക്കണം :

• ടാകസബിള്‍ ഇന്‍കം അഥവാ ടോട്ടല്‍ ഇന്‍കം (ഇളവുകള്‍ക്ക് ശേഷമുള്ള വരുമാനം ) അഞ്ചു ലക്ഷം കവിഞ്ഞവര്‍

• നികുതി കൂടുതലായി അടച്ച് റീഫണ്ട് നേടാന്‍ ആഗ്രഹിക്കുന്നവര്‍
• Housing loan എടുത്ത് അതിലൂടെ ഇന്‍കം ടാക്സ് ഇളവു നേടുന്നവര്‍ മുകളില്‍ പറഞ്ഞ രണ്ടു രീതിയായാലും അത് പൂര്‍ത്തീകരിക്കേണ്ട അവസാന തീയ്യതി 2016 ജൂലായ്‌ 31 ആണ്.

*കൂടുതല്‍ വായനക്കും വിശദമായ നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്ന PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാനും ചുവടെ സൗകര്യമുണ്ട്



E FILING OF INCOME TAX RETURN


 
E FILING OF INCOME TAX RETURN FILE DOWNLOAD
 
 
 

Read also

Comments