Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Saturday, April 29, 2017

കട്ടെടുത്തില്ലേ, എന്റെ അവധിക്കാലം


കട്ടെടുത്തില്ലേ, എന്റെ അവധിക്കാലം              'ആറ്റുനോറ്റു കിട്ടിയ അവധിക്കാലമാണ്. കളിച്ചും തിമര്‍ത്തും അടിച്ചുപൊളിക്കാമെന്നു വിചാരിച്ചിരിക്കുമ്പോഴാണ് ട്യൂഷന്‍ സെന്ററില്‍നിന്ന് കുട്ട്യോളെ പിടുത്തക്കാര്‍ വന്നത്. അടുത്ത കൊല്ലത്തേക്കുള്ളത് ഇപ്പോഴേ പഠിച്ചു തുടങ്ങണമത്രേ. ട്യൂഷന്‍ കുറച്ചു നേരമല്ലേ ഉള്ളൂ എന്നു കരുതി സമാധാനിച്ച് വീട്ടിലേക്ക് കേറിച്ചെല്ലുമ്പോഴതാ മോറല്‍ ക്ലാസ്സിന്റെ നോട്ടീസ്. ഉമ്മ പറയുന്നു, എന്തായാലും പോകണമെന്ന്. കുട്ടികളെ നന്നാക്കാനുള്ള ക്ലാസ്സാണത്രേ. 'ഞാന്‍ നല്ല കുട്ടിയല്ലേ' എന്നു ചോദിച്ചപ്പോള്‍ 'പോര, ഇനീം നന്നാവണ'മെന്ന് മറുപടി. അതു കഴിഞ്ഞപ്പോള്‍ അടുത്ത കുരിശ്. ഇനി എന്നെ വേണ്ടത് ഭാസ്‌കരേട്ടനും സംഘത്തിനുമാണ്. കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന വാസനകള്‍ കണ്ടെത്താന്‍ അവര്‍ പത്തു ദിവസത്തെ വേനല്‍ ക്യാമ്പ് നടത്തുന്നുണ്ടത്രേ. ഞാന്‍ ഉള്ളില്‍ ഒന്നും ഒളിപ്പിച്ചിട്ടില്ലെന്ന് കുറെ പറഞ്ഞു നോക്കി. അപ്പോഴേക്കും ഉമ്മ കാശടച്ച് ക്യാമ്പിന് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിരുന്നു.

                  ഇതു വല്ലാത്ത ചെയ്ത്തായിപ്പോയി എന്ന് മുരണ്ടപ്പോള്‍ ആ ക്യാമ്പ് മിസ്സ് ചെയ്താല്‍ സെബാസ്റ്റിയന്റെ മോനൊക്കെ മോളീക്കേറി പോകുമെന്ന് ഉപ്പയുടെ കമന്റ്. മോളീക്കേറി സെബാസ്റ്റ്യന്റെ മോന്‍ ആകാശം മുട്ടിയാലും ഞാന്‍ ക്യാമ്പിന് പോകില്ലെന്നു വാശിപിടിച്ചപ്പോള്‍ ചൂരലെടുത്ത് തല്ലിയോടിച്ചു. കളിക്കാനുള്ള എല്ലാ അവസരവും നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ എന്റെ വാസനകളൊന്നും അധികം പുറത്തുവന്നില്ല. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സ്‌കൂളില്‍നിന്ന് അറിയിപ്പ് എത്തിയിരിക്കുന്നു. ഇത്തവണ നേരത്തെ ക്ലാസ്സ് തുടങ്ങുമത്രേ. അവധിക്കാലം അവസാനിക്കുന്നതിന്റെ ഇരുപത് ദിവസം മുമ്പ്. ഇപ്പോഴേ ഒരുങ്ങിയില്ലെങ്കില്‍ വിജയ ശതമാനം വര്‍ധിപ്പിക്കാനാവില്ലെന്നാണ് സ്‌കൂളുകാര്‍ പറയുന്നത്. പിന്നെ എന്തിനാണിവര്‍ രണ്ടു മാസത്തെ വേനലവധി എന്നൊക്കെ വിളിച്ചു കൂവിയതെന്ന് ആരോടു ചോദിക്കാനാണ്..? എല്ലാം തീര്‍ന്നു. അവധിക്കാലം വരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഇനി ഞാന്‍ സ്‌കൂളില്‍ പോകട്ടെ''....

              അവധിക്കാലത്തിന്റെ അരികും മൂലയും നടുക്കഷ്ണവും കട്ടെടുത്ത പുതിയ കാലത്തിന്റെ ചുറ്റുപാടുകളോട് രോഷത്തോടെ പ്രതികരിക്കുന്ന ബാല്യത്തിന്റെ സങ്കടങ്ങളാണിത്. കുട്ടികള്‍ എന്താവണമെന്നും എങ്ങനെയാവണമെന്നും അവരെ അറിയിച്ചു കൊടുത്ത അവധിക്കാലങ്ങള്‍ ഇന്നില്ല. ഉള്ളഴിഞ്ഞ് ആര്‍പ്പുവിളിച്ച് പുഴയിലേക്കും കുളത്തിലേക്കും മറിഞ്ഞു ചാടിയ കുട്ടിക്കാലം അവര്‍ക്കില്ല. അവധിക്കാലം വരുന്നുവെന്ന് കേള്‍ക്കുമ്പോഴേ അവരെ കൊത്തിവലിക്കാന്‍ കഴുകന്മാര്‍ കാത്തിരിപ്പാണ്. അത് സ്‌കൂളാവാം, സാംസ്‌കാരിക സംഘടനകളാവാം, മത സംഘടനകളാവാം, പള്ളിയാവാം, പട്ടക്കാരാവാം. ചിലപ്പോള്‍ കുറഞ്ഞ ചെലവില്‍ അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍. ഗെയിം കളിക്കാനുള്ള പരിശീലനമാണ് പല ക്ലാസ്സുകളില്‍നിന്നും കിട്ടുന്നത്. എന്തൊക്കെയായാലും നഷ്ടപ്പെടുന്നത് അവധിക്കാലം തന്നെ. കൊല്ലത്തില്‍ രണ്ടു മാസമെങ്കിലും മനസ്സു തുറന്നൊന്ന് ചിരിച്ചുല്ലസിക്കാന്‍ നമ്മുടെ കുട്ടികളെ അനുവദിച്ചു കൂടേ..?

             പാപം ചെയ്യുമ്പോഴാണ് പറുദീസാ നഷ്ടം സംഭവിക്കുന്നത്. എന്നാല്‍ ഈ പാവം കുട്ടികള്‍ എന്തു പാപം ചെയ്തിട്ടാണ് ബാല്യത്തിന്റെ വര്‍ണങ്ങളില്‍നിന്ന് നുള്ളിയെടുക്കപ്പെടുന്നത്.

തോറ്റ കുട്ടി പുറത്തേക്കിറങ്ങി
തോട്ടു വെള്ളത്തില്‍ പുസ്തകം വിട്ടു
കാറ്റിലേക്കു കുടയും കൊടുത്തു.
തുണ്ടു പെന്‍സിലെറിഞ്ഞു കളഞ്ഞു
കണ്ട കാട്ടു വഴിയില്‍ നടന്നു... 

                  എന്ന് റഫീഖ് അഹമ്മദ് എഴുതിയത് ഈ കുട്ടികള്‍ക്ക് ബാധകമല്ല. അവര്‍ തോല്‍ക്കാത്ത കുട്ടികളാണ്. പുസ്തകം വിടാനുള്ള തോട്ടുവെള്ളമോ കുട കൊടുക്കാനുള്ള കാറ്റോ അവര്‍ക്കില്ല. എറിഞ്ഞു കളയാന്‍ തുണ്ടു പെന്‍സിലും നടന്നു പോകാന്‍ കാട്ടുവഴിയുമില്ല. കട്ടെടുക്കപ്പെട്ട കുട്ടികളാണ് ചുറ്റും. ആരൊക്കെയോ ചേര്‍ന്ന് മോഷ്ടിച്ചു കളഞ്ഞു, അവരുടെ ബാല്യം.

      ന്യൂ ജനറേഷനിലേക്കുള്ള കൈമാറ്റ വ്യവസ്ഥക്കിടെ ബാല്യത്തിന്റെ മധുരങ്ങള്‍ പലതും മാഞ്ഞു പോയി. തങ്ങള്‍ അനുഭവിച്ച കുട്ടിക്കാലത്തിന്റെ ഒരിറ്റു പോലും പുതിയ തലമുറക്ക് ആസ്വാദിക്കാനാവില്ലെന്ന് പരിതപിക്കുന്ന മുതിര്‍ന്നവര്‍ തന്നെയാണ് അവരുടെ കുട്ടിക്കാലത്തെയും അവധിക്കാലത്തെയും തച്ചുതകര്‍ക്കാനുള്ള പണിയെടുക്കുന്നത്.

കുട്ടശ്ശേരി സൂപ്പര്‍ മാര്‍ക്കറ്റ്

                 ''സ്‌കൂള്‍ അടച്ചു. കുട്ടശ്ശേരി സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഇരട്ടകളായ ഇന്നൂസ് (സിദാനും, സിനാനും) ആണ് കമ്പനി ഡയറക്ടര്‍മാര്‍. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കൊണ്ട് 58 രൂപയുടെ കച്ചവടമാണ് നടന്നത്. വഴിയേ പോകുന്നവരെയെല്ലാം തടഞ്ഞ് നിര്‍ത്തിയാണ് കച്ചവടം പൊടി പൊടിക്കുന്നത്..!!

                    രണ്ടു ദിവസത്തിനകം മൂന്ന് പുതിയ ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് ഡയറക്ടര്‍മാരിലൊരാള്‍ അറിയിച്ചു. കടം വാങ്ങി മുങ്ങിയ മൂന്നാം ക്ലാസ്സുകാരന്‍ അജുവിനെ സ്‌കെച്ച് ചെയ്യാന്‍ കൊട്ടേഷന്‍ ടീമിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. യു.കെ.ജി. പഠനം പൂര്‍ത്തിയാക്കിയ കുഞ്ഞാവയും, ഷമ്മിയുമാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കച്ചവടത്തിന്റെ സാധ്യത ഉള്‍ക്കൊണ്ട് ലാലുവും, കുട്ടാപ്പുവും കൂടുതല്‍ പണം മുടക്കാന്‍ തയാറായിട്ടുണ്ട്. എന്നാല്‍ ചില്ലറ വില്‍പന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതിയില്ലാത്തതിനാല്‍ ബിനാമികളായി ലുലൂസും, വവ്വട്ടിയും രംഗത്തെത്താനാണ് സാധ്യത. അതിനിടെ അച്ചാര്‍ പേക്കറ്റ് കടം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇനിയും സ്‌കൂളില്‍ പോയി തുടങ്ങിയിട്ടില്ലാത്ത അഫൂസ് മണ്ണ് വാരിയെറിഞ്ഞ് ഓടിയത് അല്‍പ സമയം സംഘര്‍ഷത്തിനിടയാക്കി. ഇതില്‍ പ്രതിഷേധിച്ച് നാളെ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കാന്‍ സംയുക്ത സമര മുന്നണി ആഹ്വാനം ചെയ്തു''.

              വേനലവധിക്കാലത്ത് വഴിയരികില്‍ ഓലകള്‍ കുത്തിവെച്ച് പലകകളും തക്കാളിപ്പെട്ടിയും നിരത്തി മിഠായി കച്ചവടം നടത്തുന്ന കുട്ടിപ്പട്ടാളത്തെക്കുറിച്ച് സുബൈര്‍ കുട്ടശ്ശേരി ഫേസ്ബുക്കിലെഴുതിയ രസകരമായ കുറിപ്പാണിത്. അവധിക്കാലം വരുമ്പോഴുള്ള ഈ കാഴ്ചകള്‍ പതിയെപ്പതിയെ നമ്മുടെ ഗ്രാമങ്ങളില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

                കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താനും അവധിക്കാലം രസകരമാക്കാനും ജീവിതത്തിലേക്കുള്ള ചെറുപാഠങ്ങള്‍ പഠിക്കാനും ഇത്തരം സ്വാഭാവിക രീതികള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്നു. പ്രകൃതിയില്‍നിന്നും പൂക്കളില്‍നിന്നും കളികളില്‍നിന്നും കിട്ടുന്ന അറിവുകളാണ് അവന്റെ അടിത്തറ നിശ്ചയിച്ചിരുന്നത്. പ്രകൃതിയുടെ കളിത്തൊട്ടിലില്‍നിന്നാണ് അവന്റെ സര്‍ഗവാസനകളും ജീവിത വിജയത്തിന്റെ വഴികളും തെളിഞ്ഞു വന്നത്. ഇതൊക്കെ കൃത്രിമമായി കുത്തിത്തിരുകിക്കൊടുത്താല്‍ മതി എന്നാണ് ഇപ്പോഴത്തെ മാതാപിതാക്കളുടെയും കാഴ്ചപ്പാട്. ജീവിതത്തിലേക്ക് ഉപയുക്തമാക്കാനുള്ള ഒരു കാര്യവുമില്ലാത്ത പാഠപുസ്തകങ്ങളുടെ ഭാരത്തില്‍നിന്ന് കിതപ്പാറ്റുന്ന നേരത്താണ് പുതിയ ഭാരങ്ങള്‍ നാം അവന്റെ തലയിലേക്ക് വെച്ചുകൊടുക്കുന്നത്.

            പ്രതികരിക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണ് ഈ കുട്ടികള്‍ എല്ലാം സഹിക്കുന്നത്. വീട്ടില്‍നിന്ന് വഴക്കു കേട്ടാല്‍ നാടുവിട്ടു പോകുന്ന പഴയ കാലത്തെ കുട്ടികളെപ്പോലെ എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ പോലും അവര്‍ക്ക് ധൈര്യമില്ല.

കുട്ടിക്കാലം കട്ടെടുക്കുന്നവര്‍


          വേനല്‍തുമ്പി, ശലഭക്കൂട്ടം, സാഹസിക പരിശീലനം, ഗവേഷണ പരിശീലനം, കരകൗശല പരിശീലനം, ധാര്‍മിക പാഠങ്ങള്‍, മത പഠന സംരംഭം തുടങ്ങി അവധിക്കാലമാകുമ്പോഴേക്കും കുട്ടികളെ പിടിക്കാനുള്ള പൂരം തുടങ്ങും. പല തരത്തിലുള്ള ഓമനപ്പേരിട്ടാണ് അവധിക്കാലം കട്ടെടുക്കാനുള്ള ആസൂത്രണങ്ങള്‍ നടക്കുന്നത്. ഈ ചതിപ്രയോഗത്തിന് അച്ഛനും അമ്മയും ഉള്‍പ്പെടെ എല്ലാവരും കൂട്ടുനില്‍ക്കുന്നു. കളിച്ചും ചിരിച്ചും അവരുടെ കുട്ടിക്കാലം ആഘോഷമാക്കിയ അതേ അച്ഛനും അമ്മയും. കളിച്ചു കഴിയേണ്ട കുട്ടികളെ എവിടെയെങ്കിലും പിടിച്ചിരുത്തി നന്നാക്കാനാണത്രേ ഈ പെടാപ്പാട്. അവധിക്കാലം പ്രഖ്യാപിച്ചാല്‍ പിറ്റേന്നു തന്നെ നാട്ടിലെങ്ങും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടും. നൃത്തം, ചിത്രകല, കരാട്ടെ, അബാക്കസ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, കുങ്ഫു, മാജിക്ക്, മതഗ്രന്ഥങ്ങളുടെ പഠനം എന്നിങ്ങനെ കോഴ്‌സുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. കുട്ടികളുടെ ശല്യം ഒഴിവാക്കാനാണെന്നു പറഞ്ഞ് അവരെ എവിടെയെങ്കിലും ചേര്‍ത്തി സമാധാനിക്കുകയാണ് രക്ഷിതാക്കള്‍. എന്നാല്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കു മേലുള്ള കയ്യേറ്റമാണ് അവര്‍ നടത്തുന്നത്. അവധിക്കാലം കളിച്ചു നടക്കാനുള്ളതു തന്നെയാണെന്നും ഇമ്മാതിരി കോഴ്‌സുകള്‍ക്കു പോയി നഷ്ടപ്പെടുത്താനുള്ളതല്ലെന്നും പറഞ്ഞ് തങ്ങളുടെ അവകാശം സ്ഥാപിക്കാന്‍ പിഞ്ചു ബാല്യങ്ങള്‍ക്ക് സംഘടനകളൊന്നുമില്ല.

നിങ്ങള്‍ക്കു കളിക്കണ്ടേ..

           പ്രിയപ്പെട്ട കുട്ടികളേ, നിങ്ങള്‍ക്കു കളിക്കണ്ടേ..? കുറെ കഴിഞ്ഞ് വലുതാകുമ്പോള്‍ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ എന്തെങ്കിലും വേണ്ടേ..? കുറെ കാര്‍ട്ടൂണ്‍ കണ്ടു. കുറെ ഗെയിം കളിച്ചു. അതു മതിയോ നിങ്ങള്‍ക്ക്. കൂട്ടുകാരോടൊപ്പം കളിച്ചതിന്റെ നല്ല ഓര്‍മകള്‍ വേണമെങ്കില്‍ ഇനി ഒരു നിമിഷം പാഴാക്കല്ലേ.. കമ്പ്യൂട്ടര്‍ ഗെയിമുകള്‍ വലിച്ചെറിഞ്ഞ്, ചാനലുകളിലെ കോമാളിത്തരങ്ങള്‍ കാണാനിരിക്കാതെ പുറത്തേക്കിറങ്ങൂ. കൂട്ടുകാരോടൊപ്പം കളിച്ചു തിമര്‍ക്കൂ.

          കുട്ടികളുടെ നല്ല മാനസിക- ശാരീരിക ആരോഗ്യത്തിന് കളികള്‍ അനിവാര്യമാണ്. കാര്‍ട്ടൂണ്‍ കണ്ടാലോ ഗെയിം കളിച്ചാലോ അതു കിട്ടില്ല. അടുത്ത സ്‌കൂള്‍ കാലത്തേക്ക് പഠിക്കാനുള്ള ഊര്‍ജ്ജം കിട്ടേണ്ടത് ഈ അവധിക്കാലത്താണ്. അതിനു പറ്റിയ കളികള്‍ കണ്ടെത്തണം. കുപ്പായത്തില്‍ ചെളി പുരണ്ട് കളിക്കണം. ചിലപ്പോള്‍ കൈയും കാലുമൊക്കെ ഉരഞ്ഞ് ചോര വന്നേക്കാം. അപ്പോള്‍ നിങ്ങള്‍ വേദന എന്താണെന്നറിയും. അപ്പോള്‍ നിങ്ങള്‍ ആരെയും വേദനിപ്പിക്കാതിരിക്കാനും പഠിക്കും. നാളെ ജീവിക്കാന്‍ നമുക്ക് ബുദ്ധി മാത്രം പോര. വിവേകവും വികാരവും തിരിച്ചറിവുമൊക്കെ വേണം. വീട്ടില്‍ ചടഞ്ഞു കൂടിയിരുന്നാല്‍ ഇതൊന്നും കിട്ടില്ല. സാമൂഹിക ജീവിതത്തിലേക്ക് ഊളിയിടണമെങ്കില്‍ നല്ല നല്ല കൂട്ടായ്മയുള്ള കളികളില്‍ ഏര്‍പ്പെടണം. കൂടുതല്‍ കൂട്ടുകാരുള്ളവന് ജീവിതത്തില്‍ കൂടുതല്‍ നന്നാവാന്‍ അവസരങ്ങള്‍ ലഭിക്കും. എന്നാല്‍ എല്ലാം നല്ല കൂട്ടുകാര്‍ തന്നെയാവണം. ചീത്തയായി എന്തെങ്കിലും കണ്ടാല്‍ അതില്‍നിന്ന് പുറംതിരിഞ്ഞു നില്‍ക്കണം. ആ കൂട്ടുകാരനെ നഷ്ടപ്പെടുത്താതെ തന്നെ അവനെ നന്മയിലേക്ക് കൂട്ടാനാവണം.

                കളികളില്‍നിന്ന് കുട്ടികള്‍ക്ക് ഏറെ കിട്ടാനുണ്ട്. അവരുടെ ബന്ധങ്ങള്‍ വികസിക്കാനും ഉത്തരവാദിത്ത ബോധം വളരാനും കളികള്‍ ഉപകരിക്കും. ചിന്തിക്കാനുള്ള ശേഷി അവരില്‍ വര്‍ധിക്കും. ഇടപെടാനുള്ള കഴിവും, നേതൃപാടവവും ഭാവനാ വികാസവും സ്വഭാവ രൂപീകരണവും ഈ കൂട്ടായ്മകളിലൂടെയാണ് കിട്ടുക. കഴിവുകള്‍ കണ്ടെത്താനുള്ള അവസരം കൂടിയാണ് കളികള്‍. മാതാപിതാക്കളുടെ വഴിക്ക് കുട്ടികളെ വളര്‍ത്താന്‍ നോക്കിയാല്‍ അവരില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്താനാവില്ല. അച്ഛനും അമ്മയും ഞെക്കിപ്പഴുപ്പിച്ചവരുടെ ജീവിതം വലിയ പരാജയം തന്നെയായിരിക്കും.

അമ്മവീട്ടിലേക്കുള്ള വഴികള്‍

                 അമ്മവീട്ടിലേക്കുള്ള വിരുന്നു പോക്കുകളാണ് പലരുടെയും അവധിക്കാല ഓര്‍മകളില്‍ പച്ചപിടിച്ചു നില്‍ക്കുന്നത്. 'സ്‌കൂള്‍ പൂട്ടിയിട്ടു വേണം ഇമ്മാന്റെ വീട്ടിലേക്ക് കുറെ ദിവസത്തേക്ക് വിരുന്ന് പോകാന്‍' എന്നു പറയുന്ന കുട്ടികള്‍ ധാരാളം. അവിടെച്ചെന്നാല്‍ പൂത്ത മാവിലേക്ക് വലിഞ്ഞു കേറാം. പുളിയുറുമ്പ് കടിച്ചാലും പച്ച മാങ്ങ പറിച്ചിടാം. ഉപ്പും മുളകും കൂട്ടി കടിച്ചു തിന്നാം. ചൂണ്ടയുമായി പുഴയിലേക്ക് മീന്‍ പിടിക്കാന്‍ പോകാം. തോര്‍ത്തുമുണ്ടില്‍ മീന്‍ കുഞ്ഞുങ്ങളെ കോരിയെടുക്കാം. പ്ലാസ്റ്റിക് കവറില്‍ പരല്‍ മീനുകളെയിട്ട് അക്വാറിയമുണ്ടാക്കാം. കുട്ടിയും കോലും കളിക്കാം. കണ്ണുപൊത്തിക്കളിക്കാം. കൊത്തക്കല്ലു കളിക്കാം. പമ്പരം കറക്കാം. വേനല്‍മഴ വരിയൊലിച്ചു വരുമ്പോള്‍ കടലാസു തോണിയുണ്ടാക്കാം. മുറ്റത്തെ മാവിന്‍ കൊമ്പില്‍ ഊഞ്ഞാലു കെട്ടാം. നാരങ്ങാ മിഠായിയും കമ്പര്‍ക്കട്ടും ജോക്കറും പാലൈസും കടല മിഠായിയും വാങ്ങിത്തിന്നാം. മണ്ണപ്പം ചുട്ടുകളിക്കാം. ഓലപ്പന്തു കൊണ്ട് എറിഞ്ഞു കളിക്കാം. കിളിത്തട്ടില്‍ മണ്ടിപ്പായാം.

കുട്ടിക്കാലത്ത് കളിക്കാന്‍ പറ്റാതെ തോറ്റു പോയ കുട്ടികളോട് ഈ കഥകളൊക്കെ പറഞ്ഞിട്ടെന്തു കാര്യം.

തോറ്റ കുട്ടിയെ തോളത്തു വച്ചു
പൂത്തു നിന്നു മരതകക്കുന്ന്
തോല്‍ക്കുകില്ല നീയെന്നേ പറഞ്ഞു
കാത്തു നില്‍ക്കുന്നൊരമ്പിളിത്തെല്ല്...

                                                   - ഷെരീഫ് സാഗര്‍
                                                                                         കടപ്പാട് :  ചന്ദ്രിക


Monday, April 24, 2017

കുട്ടികള്‍ കളിച്ചോട്ടെ


കുട്ടികള്‍ കളിച്ചോട്ടെ    അവധിക്കാലം ശാരീരിക, മാനസിക ആരോഗ്യം സ്വായത്തമാകാന്‍ ഉതകുന്നതരത്തില്‍ വിനിയോഗിക്കണം. അതിനായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനത്തില്‍ വിശദമാക്കുന്നത്‌

നമ്മുടെ കുട്ടികള്‍ അവധിക്കാലം ചെലവഴിക്കാന്‍ തെരഞ്ഞെടുക്കുന്ന നേരമ്പോക്കുകള്‍ അവരുടെ ആരോഗ്യത്തെ എങ്ങനെയാണ്‌ സ്വാധീനിക്കുന്നതെന്ന്‌ അറിയണം. ടിവി, ഇന്റര്‍നെറ്റ്‌, ഗെയിമുകള്‍ തുടങ്ങിയവ ഗുണവും ദോഷവും ഒരുപോലെ ഉണ്ടാക്കുന്നുണ്ട്‌. അവയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നൃത്തം, സംഗീതം, ചിത്രകല തുടങ്ങിയവയില്‍ അഭിരുചിയുള്ള കുട്ടികളെ അത്‌ അഭ്യസിപ്പിക്കണം. ഇത്‌ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗം കൂടിയാണ്‌.
അടിച്ചുപൊളിക്കുന്നതിനൊപ്പം അവധിക്കാലം ശാരീരിക, മാനസിക ആരോഗ്യം സ്വായത്തമാകാന്‍ ഉതകുന്നതരത്തില്‍ വിനിയോഗിക്കണം. അതിനായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനത്തില്‍ വിശദമാക്കുന്നത്‌.

      ടെലിവിഷന്‍

               ടിവിയുടെ മിതമായ ഉപയോഗം വിനോദത്തിനും വിവരസമ്പാദനത്തിനും സഹായകമാണ്‌. എന്നാല്‍ അനിയന്ത്രിതമായ ടിവി കാഴ്‌ചയ്‌ക്ക് പല ദൂഷ്യഫലങ്ങളുമുണ്ട്‌. നല്ല ആശയവിനിമയശേഷിയും സാമൂഹ്യമര്യാദകളും ആഗ്രഹിക്കുന്നവര്‍ മറ്റുള്ളവരോട്‌ ഇടപഴകുകയും അവരുടെ പ്രതികരണങ്ങള്‍ക്കനുസരിച്ച്‌ പെരുമാറ്റത്തില്‍ മാറ്റം വരുത്താനും ശ്രമിക്കണം. കിട്ടുന്ന സമയം ടിവിയോടൊത്തു ചെലവഴിക്കുന്ന കുട്ടികള്‍ക്ക്‌ ഇതിനുള്ള അവസരങ്ങള്‍ നഷ്‌ടമാകുന്നു. അതിനാല്‍ അവര്‍ വാഗ്‌ബുദ്ധിയിലും വൈകാരികബുദ്ധിയിലും പിന്നാക്കം പോകുന്നു.
രംഗങ്ങള്‍ അതിവേഗം മാറുന്ന പ്രോഗ്രാമുകള്‍ കണ്ടുശീലിക്കുന്നവര്‍ ദൈനംദിനജീവിതത്തിലും അത്തരമൊരു ദ്രുതഗതി പ്രതീക്ഷിക്കാന്‍ തുടങ്ങുന്നു. അതുവഴി നിത്യജീവിതത്തില്‍ അവര്‍ക്ക്‌ വിരസതയും ഏകാഗ്രതയില്ലായ്‌മയും അനുഭവപ്പെടാന്‍ കളമൊരുങ്ങും. ദൃശ്യങ്ങള്‍ക്കു പ്രാമുഖ്യം കൊടുക്കുന്ന ടിവിയുടെ നിരന്തരമായ കാഴ്‌ച ഭാഷ കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഇടതുഭാഗത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുന്നുണ്ട്‌.
അക്രമരംഗങ്ങള്‍ അവിരാമം കാണുന്നത്‌ നിര്‍വികാരത രൂപപ്പെടാനും, സഹാനുഭൂതി നശിക്കാനും, ആക്രമണോത്സുകത വളരാനും ഇടയാക്കുന്നുണ്ട്‌. ഈ ദുര്‍ഗുണങ്ങള്‍ ചിലരിലെങ്കിലും മുതിര്‍ന്നുകഴിഞ്ഞും മാറാതെ നില്‍ക്കാം. കൊല്ലും കൊലയും ഹാസ്യരൂപത്തിലോ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള എളുപ്പമാര്‍ഗമായോ അവതരിപ്പിക്കപ്പെടുന്നതും, ചെറിയ പ്രകോപനങ്ങളില്‍പ്പോലും അടിപിടിക്കൊരുങ്ങുന്ന നായക കഥാപാത്രങ്ങളും, ഒരു ശിക്ഷയും കിട്ടാതെ രക്ഷപ്പെടുന്ന വില്ലന്മാരുമൊക്കെ കുഞ്ഞുമനസുകളില്‍ സൃഷ്‌ടിക്കുക നല്ല അനുരണനങ്ങളല്ല.
മദ്യപാനം, പുകവലി, കുത്തഴിഞ്ഞ ലൈംഗികത തുടങ്ങിയവ ആസ്വാദ്യകരമോ തമാശയോ ആയി അവതരിപ്പിക്കുന്നതും അവയുടെ പ്രത്യാഘാതങ്ങള്‍ പരാമര്‍ശിക്കാത്തതും കുട്ടികളെ ദുസ്വഭാവങ്ങളിലേക്ക്‌ ആകര്‍ഷിപ്പിക്കാം. വ്യായാമം ഇല്ലാതാക്കിയും, എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കാനുള്ള അവസരമൊരുക്കിയും, ആരോഗ്യത്തിനു നന്നല്ലാത്ത ഭക്ഷണോത്‌പന്നങ്ങളില്‍ പരസ്യങ്ങളിലൂടെ താല്‍പര്യം ജനിപ്പിച്ചും ടിവി കുട്ടികളിലെ അമിതവണ്ണത്തിനും കാരണമാകുന്നു.
ആറുവയസില്‍ താഴെ പരസ്യങ്ങളും പ്രോഗ്രാമുകളും വേര്‍തിരിച്ചറിയുക പ്രയാസമായിരിക്കും. എട്ടൊമ്പതു വയസുവരെ പരസ്യങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനായി കമ്പനികള്‍ കാശുകൊടുത്തു സംപ്രേഷണം ചെയ്യിക്കുന്നവയാണ്‌ എന്ന തിരിച്ചറിവു കണ്ടേക്കില്ല. പരസ്യങ്ങളുടെ പ്രധാനോദ്ദേശ്യം നമ്മുടെ പണം കൈക്കലാക്കുകയാണെന്ന്‌ ബോധ്യപ്പെടുത്തിക്കൊടുക്കണം. ഓരോ പരസ്യവും ആളുകളെ ആകര്‍ഷിക്കാന്‍ എന്തൊക്കെ അടവുകളാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌ എന്നു കണ്ടുപിടിക്കല്‍ ഒരു കളിയായി വളര്‍ത്തിയെടുക്കുക. പരസ്യങ്ങള്‍ക്ക്‌ കുരുന്നുമനസുകളില്‍ അനര്‍ഹമായ പ്രാധാന്യം കിട്ടുന്നതു തടയാന്‍ ഇത്‌ സഹായിക്കും.

                                                                                        കടപ്പാട് : മംഗളം

 

 

Wednesday, April 19, 2017

ആത്മവിശ്വാസം


ആത്മവിശ്വാസം
                          ആത്മവിശ്വാസം ജീവിതമുന്നേറ്റത്തിന്  പ്രേരണ നല്‍കുന്ന ഊര്‍ജമാണ്. ഇരുള്‍ വീഴ്ത്തുന്ന പ്രശ്നങ്ങള്‍ക്കിടയിലും മനസ്സില്‍ ശുഭാപ്തി വിശ്വാസം വിതറുന്ന വെളിച്ചമാണ്. രക്ഷപ്പെടുവാനുള്ള വഴികള്‍ തെളിയിക്കുന്ന ചൂണ്ടുപലകയുമാണ്. കൃത്യമായ സ്വയംമതിപ്പില്‍ നിന്നാണ് ആരോഗ്യകരമായ  ആത്മവിശ്വാസം മുളപൊട്ടുന്നത്. എല്ലാവരും അവനവന് ഒരു വില ഇടാറുണ്ട്. മറ്റുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ചൊല്ലുന്ന വാക്കുകള്‍ ഇതിനെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് നിരാശപ്പെടേണ്ട. തകര്‍ന്നു പോകാതെ കൊള്ളാവുന്ന നിരീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്താന്‍ ശ്രമിക്കാം. അതാണ് ശരിയായ വഴി.

മറ്റുള്ളവരുടെ നിഗമനങ്ങള്‍ എന്തു തന്നെയായാലും അവനവനെക്കുറിച്ച് സ്വയം ഒരു അഭിപ്രായം എല്ലാവരും സൃഷ്ടിച്ചെടുക്കാറുണ്ട്. പോരായ്മകളെ കാണാതെ ശക്തികളെ പെരുപ്പിച്ചെടുത്ത് സ്വയം വല്ലാത്ത വിലയിട്ട് ഒരു തരം 'കേമന്‍  കോംപ്ലെക്സില്‍ ' അഭിരമിക്കുന്നവരുണ്ട്. മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കുന്ന ഭീമാകാരമായ ആത്മവിശ്വാസമാണ് ഇവരുടെ മുഖമുദ്ര. ഇതുകൊണ്ട് ഒരു ഗുണവുമില്ല. ശരിയായ ഉള്‍ക്കാഴ്ചയുടെ പിന്തുണയില്ലാത്തതുകൊണ്ട് കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. ശക്തികളെ തീരെ തിരിച്ചറിയാതെ ദൗര്‍ബല്യങ്ങളെ പര്‍വതീകരിച്ച് സ്വയം വില ഇടിച്ചുതാഴ്ത്തി വിഷാദവും നൈരാശ്യവുമൊക്കെയായി ജീവിക്കുന്നവരാണ് മറ്റേ ധ്രുവത്തില്‍. ആത്മവിശ്വാസം പേരിനുപോലുമില്ലാത്ത ഒരു തരം 'കോന്തന്‍ കോംപ്ലെക്സി'നടിമപ്പെട്ടുപോകും ഈ കൂട്ടര്‍. കേമന്‍  കോംപ്ലെക്സിന്റെയും കോന്തന്‍ കോംപ്ലെക്സിന്റെയും ഇടയിലാണ് കൃത്യവും ആരോഗ്യകരവുമായ ആത്മവിശ്വാസമുള്ളവര്‍. ശക്തിയെയും ശക്തിക്കുറവിനെയും സമചിത്തതയോടെ അവര്‍ ഉള്‍ക്കൊള്ളും. ഉള്ള കരുത്ത് ഫലപ്രദമായി ഉപയോഗിച്ച്  ദൗര്‍ബല്യങ്ങളെ മറികടക്കുവാനോ അവയുടെ സാന്നിധ്യത്തെ അവഗണിക്കുവാനോ ഇവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കും.
ഒരു വിലാപവും  അതിന്‍റെ  പുനരാഖ്യാനവും

ആത്മവിശ്വാസമില്ല്ലായ്മയുടെ ഒരു വിലാപം കേള്‍ക്കാം

"ഞാന്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ഒരു  യുവാവാണ്. എഴുപത്തിയഞ്ചു ശതമാനം മാര്‍ക്കു നേടിയിട്ടുണ്ട്. പക്ഷേ ജോലിക്കായുള്ള എല്ലാ അഭിമുഖങ്ങളിലും ഞാന്‍ തോറ്റുപോകുന്നു. സ്കൂളില്‍ പഠിച്ചത് മലയാളം മീഡിയത്തിലാണ്. അതുകൊണ്ട് തീരെ ധൈര്യമില്ല. എന്തോ ഒരു കുറവുള്ളതുപോലെ. പ്ലസ്‌ടു മുതല്‍ ഇങ്ങനെയാണ്. വിജയിക്കുമെന്ന വിചാരത്തോടെ പിന്നീട് ഒരു പരീക്ഷയും ഞാന്‍ എഴുതിയിട്ടില്ല. അതുകൊണ്ട് എനിക്ക് എപ്പോഴും ഉത്കണ്ഠയാണ്. ഇതൊക്കെയാണെങ്കിലും ഒരുവിധം മാര്‍ക്ക്‌ എനിക്ക് കിട്ടുമായിരുന്നു.എന്‍റെ കഴിവിനേക്കാള്‍ ഭാഗ്യംകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. സത്യമായിട്ടും എന്നെ ഒന്നിനും കൊള്ളില്ല. ആളുകളെ അഭിമുഖീകരിക്കാന്‍ എനിക്ക് ആത്മവിശ്വാസമില്ല. ഞാനൊരു തികഞ്ഞ പരാജയമാണെന്ന് എനിക്ക് അറിയാം. അങ്ങനെയല്ലെന്ന് മാതാപിതാക്കളും അടുത്ത കൂട്ടുകാരും പറയാറുണ്ട്. ഒരു ക്ലാസ്സിലും തോല്‍ക്കാതെ നല്ല മാര്‍ക്ക്‌  വാങ്ങി എഞ്ചിനീയറിങ്ങ് പാസ്സായില്ലേയെന്നാണ് ഇവരൊക്കെ പറയുന്നത്. എന്‍റെ മിടുക്കുകൊണ്ടല്ല ഇതെന്ന് അവര്‍ക്കറിയില്ലല്ലോ. അവരൊക്കെ എന്നെ വെറുതെ ആശ്വസിപ്പിക്കാനായി പറയുന്നതും ആകാം. കഴിവില്ലാത്തവനെന്നു അവര്‍ക്ക് തുറന്ന്  പറയുവാനാകില്ലല്ലോ? എന്റെ കൂട്ടുകാര്‍ക്കുള്ള ഒരു വൈഭവവും എനിക്കില്ല. ഞാന്‍ ഒരു വട്ടപ്പൂജ്യമാണ്."

ആത്മവിശ്വാസത്തകര്‍ച്ചയുള്ള ഒരുവ്യക്തിയുടെ സങ്കടങ്ങളുടെ ചിത്രമാണിത്.

സ്വയം തര്‍ക്കിച്ചു താഴ്ത്തിക്കെട്ടുന്ന ശൈലി പ്രകടം.

കഷ്ടപ്പെട്ട് പഠിച്ചു നേടിയ വിജയങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല. നിഷേധാത്മകചിന്തകളുടെ ഉരുള്‍പൊട്ടലുകളാണ്. വിഷാദം, കോപം, ഉത്കണ്ഠ തുടങ്ങിയ അലോസരപ്പെടുത്തുന്ന വൈകാരികഭാവങ്ങളുടെ പൂരപ്പറമ്പാണ് ഈ മനസ്സ്. നമുക്ക് ഈ വിദ്വാന്റെ ആത്മഗതങ്ങളെ ആത്മവിശ്വാസത്തിന്റെ മരുന്നിട്ട് മാറ്റി എഴുതിയാലോ? അപ്പോള്‍ അതിങ്ങനെയാകും:

"ഞാന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഒരു യുവാവാണ്. സ്കൂളില്‍  മലയാളം മീഡിയത്തിലാണ് പഠിച്ചത്. അതുകൊണ്ട് പ്ലസ്‌ടുവിലെത്തിയപ്പോള്‍ കുറച്ചു ബുദ്ധിമുട്ടൊക്കെ ഉണ്ടായി. മനസ്സ് തളര്‍ന്നു. ഒന്നിനും കൊള്ളില്ലെന്ന തോന്നലൊക്കെ ഉണ്ടായി. പക്ഷേ, അതു ഞാന്‍ തിരിച്ചറിഞ്ഞു. ആ ചിന്തയുമായി ഞാന്‍ കലഹിച്ചു; പോരടിച്ചു. സത്യത്തില്‍ പാഠൃവിഷയങ്ങള്‍ എനിക്ക് മറ്റുള്ളവരേക്കാള്‍ നന്നായി മനസ്സിലാകുമായിരുന്നു. എനിക്ക് കഴിയുമെന്ന വിശ്വാസത്തോടെ ഞാന്‍ പോരാടി. നല്ല മാര്‍ക്ക്‌ വാങ്ങി. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച എന്‍റെ  കൂട്ടുകാര്‍ക്ക് സാധിക്കുന്നതൊക്കെ എനിക്ക് ചെയ്യാനാകുമെന്ന് ഞാന്‍ മനസ്സിലാക്കി. എഞ്ചിനീയറിങ്ങിന്  പ്രവേശനം നേടി. എഴുപത്തിയഞ്ചു ശതമാനം മാര്‍ക്ക് വാങ്ങി. ആശയവിനിമയത്തില്‍ എനിക്ക് മികവു പോരാ. അതുകൊണ്ട് ചില അഭിമുഖങ്ങള്‍ നന്നായി ചെയ്യാന്‍ പറ്റിയില്ല. ഇതാണ് എന്‍റെ ഇപ്പോഴത്തെ പോരായ്മ. സാരമില്ല. അതു ഞാന്‍ ശരിയാക്കും. താമസിയാതെ ഞാന്‍ നല്ല ജോലി വാങ്ങും."

സ്വയംമതിപ്പിനെയും ആത്മവിശ്വാസത്തെയും തകര്‍ക്കുന്ന ഒത്തിരി കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കും. വ്യക്തിത്വത്തില്‍ ഊര്‍ജമായി ആത്മവിശ്വാസമുണ്ടെങ്കില്‍ ഇതിനെയൊക്കെ എങ്ങനെ  കൈകാര്യം  ചെയ്യാമെന്നതുകൂടിയാണ് തിരുത്തിയെഴുതിയ വിചാരധാരകളിലൂടെ വ്യക്തമാകുന്നത്. പോരായ്മകളുടെ നേരെ ഇതില്‍ കണ്ണടയ്ക്കുന്നില്ല. പൊരുതുവാനുള്ള തന്‍റെടമുണ്ടെന്ന വിശ്വാസത്തെ ചങ്ങാതിയായിക്കൂട്ടി നേരിടുകയാണ് ചെയ്യുന്നത്. ആത്മവിശ്വാസമുള്ള മനസ്സിനേ ഇതിനു കഴിയൂ.
വളര്‍ത്തല്‍ശൈലി നിര്‍ണായകം

     സ്വയംമതിപ്പും ആത്മവിശ്വാസവുമൊക്കെ പെട്ടെന്ന് പൊട്ടി മുളയ്ക്കുന്നതല്ല.സ്വയംമതിപ്പും ആത്മവിശ്വാസവുമൊക്കെ പെട്ടെന്ന് പൊട്ടി മുളയ്ക്കുന്നതല്ല. ഇതൊക്കെ കുറേ ദിവസത്തെ  പരിശീലനംകൊണ്ട് നല്‍കുമെന്ന വാഗ്ദാനം ചെയ്യുമെന്ന  മൈന്‍ഡ് കോച്ചുകളുമുണ്ട് (Mind coach). വഴി കാണിച്ചുതരാന്‍ അവര്‍ക്ക് സാധിച്ചേക്കും; എന്നാല്‍ ഇതൊന്നും  മാജിക് പോലെ സംഭവിക്കുകയില്ല. ജീവിതയാത്രയില്‍ തട്ടിയും മുട്ടിയും, കൊണ്ടും കൊടുത്തും, വീണും എഴുന്നേറ്റുമൊക്കെ അനുഭവങ്ങളിലൂടെ സ്വാംശീകരിച്ച് എടുക്കേണ്ടതാണ്. ഇതൊക്കെ വളര്‍ത്തിയെടുക്കേണ്ടത് ജീവിതവിജയത്തിന് ആവശ്യമാണെന്ന  വിചാരം വേണമെന്നു മാത്രം. ഇതിനൊക്കെയുള്ള അടിത്തറ പണിയേണ്ടത് കുട്ടിക്കാലത്ത് തന്നെയാണ്. അതുകൊണ്ട് വളര്‍ത്തല്‍ശൈലികള്‍ നിര്‍ണായകവുമാണ്. മലയാളികള്‍ ഈ കാര്യത്തില്‍ അത്ര മിടുക്കരല്ല. മാതാപിതാക്കളുടെ ചിറകിന്‍കീഴില്‍ അമിതസംരക്ഷണത്തില്‍ വളരുന്ന പിള്ളേര്‍ക്ക് ആത്മവിശ്വാസത്തിന്റെ അടിത്തറ ദുര്‍ബലമാകാനിടയുണ്ട്. കുട്ടിയെ ശരാശരി മലയാളി കൈവിരല്‍ത്തുമ്പില്‍ കൊരുത്തു സുരക്ഷിതരായി നടത്തുവാന്‍ നോക്കും. കണ്‍വെട്ടത്തുതന്നെ നിര്‍ത്താന്‍ ശ്രമിക്കും. അവരുടെ ഉള്ളറിയാതെ അവര്‍ക്കായി തീരുമാനമെടുക്കും. തോറ്റുപോയാല്‍ ആത്മാഭിമാനത്തെ മുറിപ്പെടുത്തും വിധത്തില്‍ പഴിക്കും. എന്നാല്‍ അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പിശുക്കു കാണിക്കുകയും ചെയ്യും. ആത്മവിശ്വാസമില്ലായ്മ ഒരു ജീവിതശൈലിയായി രൂപപ്പെടാന്‍ ഇത്രയൊക്കെ ധാരാളം. മറ്റുള്ള സംസ്ഥാനത്തെ കുട്ടികള്‍ അഭിമുഖങ്ങളില്‍ വിജയിക്കുന്നതിന്റെ തോത് കൂടുതലാണെന്നൊക്കെ വിലപിക്കുമ്പോള്‍ ഈ വക കാര്യങ്ങള്‍ കൂടി നമ്മള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്‌; ശ്രദ്ധിക്കേണ്ടതുണ്ട്.
ആത്മവിശ്വാസവും രോഗാവസ്ഥകളും

വ്യക്തിത്വരൂപവത്കരണത്തിന്‍റെ അപാകതകള്‍മൂലം ആത്മവിശ്വാസത്തിന്റെ തോതില്‍ ഏറ്റക്കുറച്ചില്‍ വരും.വ്യക്തിത്വരൂപവത്കരണത്തിന്‍റെ അപാകതകള്‍മൂലം ആത്മവിശ്വാസത്തിന്റെ തോതില്‍ ഏറ്റക്കുറച്ചില്‍ വരും. വിവിധ മനോരോഗാവസ്ഥകളിലും ആത്മവിശ്വാസത്തില്‍ മാറ്റങ്ങള്‍ വരാം. അതുകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ആത്മവിശ്വാസത്തകര്‍ച്ചകളില്‍ മറ്റു ഘടകങ്ങളോടൊപ്പം തന്നെ വിഷാദരോഗസാധ്യത കൂടി സജീവമായി പരിഗണിക്കേണ്ടതുണ്ട്. തിരിച്ചറിഞ്ഞാല്‍ ഈ മാനസികാസ്വാസ്ഥ്യം ചികിത്സിച്ചു മാറ്റാമെന്നതു തന്നെ കാര്യം. സാമൂഹിക സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം ഒരു പ്രധാനലക്ഷണമായി വരുന്ന സോഷ്യല്‍ ഫോബിയ, ഉത്കണ്ഠാരോഗങ്ങള്‍ ഇങ്ങനെ പല അവസ്ഥകളിലും ആത്മവിശ്വാസമില്ലായ്മ കൂടിക്കാണാറുണ്ട്. ബൈപോളാര്‍ ഡിസോര്‍ഡറിലെ (Bipolar Disorder) ഉന്മാദഘട്ടമായ മാനിയയില്‍ (Mania) ആത്മവിശ്വാസം വല്ലാതെ അതിരുവിടുകയും രോഗത്തിന്റെ തലത്തിലേക്ക് ഉയരുകയും ചെയ്യും. മനുഷ്യന് അസാധ്യമായത് ചെയ്യുവാനുള്ള ശക്തിയുണ്ടെന്ന തരത്തിലുള്ള  മിഥ്യാധാരണകള്‍ (Delusions) പിടികൂടുകയും ചെയ്യും. മാനിയയുടെ ഭാഗമായി ഉണ്ടാകുന്ന കുഴപ്പം പിടിച്ച ആത്മവിശ്വാസത്തിന്റെ പ്രേരണയാല്‍ കൊക്കിലൊതുങ്ങാത്ത വലിയ വലിയ ബിസിനസ് സംരംഭങ്ങളിലേക്ക് എടുത്തുചാടി  കുഴപ്പത്തിലായവരുണ്ട്. രോഗം മാറിക്കഴിയുമ്പോഴാണ് ഇതൊക്കെ പാവം രോഗി തിരിച്ചറിയുന്നത്.

ആസ്മ, സന്ധിവാതം തുടങ്ങി പല ദീര്‍ഘകാലരോഗങ്ങളിലും (Chronic Illness) ആത്മവിശ്വാസക്കുറവ് രോഗങ്ങളുടെ പ്രത്യാഘാതമായി ഉണ്ടാകാറുണ്ട്. ശാരീരിക രോഗാവസ്ഥകളെ ആത്മവിശ്വാസം കൊണ്ട് നിയന്ത്രിച്ചു നിര്‍ത്താമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

കൊച്ചുകൊച്ചു നേട്ടങ്ങളും അല്പസ്വല്പം ശക്തികളുമൊക്കെ ബോധപൂര്‍വം തന്നെ കണ്ടെത്തി മനസ്സിനെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസത്തിന്റെ ദീപനാളങ്ങള്‍ തെളിഞ്ഞു വരും. "ആരൊക്കെ കെടുത്താന്‍ ശ്രമിച്ചാലും എനിക്കറിയാം എന്നെ"യെന്ന വിശ്വാസം കൃത്യമാണെങ്കില്‍ ആ ദീപം തെളിഞ്ഞുതന്നെ നില്‍ക്കും. ആ വെളിച്ചത്തില്‍ ഏതു ദുര്‍ഘട വഴിയിലൂടെയും മുന്നേറാം. ആത്മവിശ്വാസത്തോളം വലിയ ഔഷധം വേറെയില്ല, കൂട്ടരേ....       
മനസ്സിനോട് പറയാന്‍ പത്ത് കാര്യങ്ങള്‍

ആത്മവിശ്വാസം ഉണര്‍ത്തുവാനായി ഇങ്ങനെയൊക്കെ മനസ്സിനോട് പറയാം. വിശ്വസിപ്പിക്കാം.

    മറ്റാരെയും പോലെതന്നെ മൂല്യമുള്ള ഒരു വ്യക്തി തന്നെയാണെന്ന വസ്തുത തിരിച്ചറിഞ്ഞ് ചൊല്ലിക്കൊടുക്കുക.
    പോരായ്‌മകള്‍ക്കിടയിലും നിങ്ങള്‍ക്ക് ശക്തികളുണ്ടെന്ന് മനസ്സിലാക്കുക, സ്വയം വിശ്വസിപ്പിക്കുക.
    വിജയത്തിന്റെയും നേട്ടങ്ങളുടെയും വേളകള്‍ ചൂണ്ടിക്കാട്ടി നിങ്ങള്‍ പൂര്‍ണ്ണമായും പരാജയമല്ലെന്ന്‍ സാക്ഷ്യപ്പെടുത്തുക.
    പല കാര്യങ്ങളും മറ്റുള്ളവര്‍ ചെയ്യുന്നതു പോലെയോ അതിനേക്കാള്‍ മികവോടെയോ ചെയ്യാനാകുമെന്നു ചൂണ്ടിക്കാണിക്കുക.
    അഭിമാനിക്കാനുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്കുമുണ്ടെന്ന്‍ ഓര്‍മ്മിപ്പിക്കുക.
    ഞാന്‍ കൊള്ളാവുന്ന വ്യക്തിയാണെന്ന് പ്രസാദാത്മകമായ ചിന്തകള്‍ മനസ്സിലേക്ക് വിന്യസിപ്പിക്കുക.
    ചില കാര്യങ്ങള്‍ സംതൃപ്തിയോടെ ചെയ്യുവാനായിയെന്ന്‍ കണ്ടെത്തി അത് ബോധ്യപ്പെടുത്തുക.
    അവനവനോട് ആദരവ് തോന്നേണ്ട കാര്യങ്ങള്‍ പിശുക്കുകൂടാതെ അവതരിപ്പിക്കുക.
    ഒന്നിനും കൊള്ളാത്തവനെന്ന ചിന്തയെ ആട്ടിയകറ്റുമെന്ന് ശക്തമായ നിലപാടും അറിയിക്കുക.
    നിര്‍ഗുണനെന്ന വിചാരത്തിന് അടിമപ്പെടുകയില്ലെന്ന്  തന്റേടത്തോടെ പറയുക. 


കടപ്പാട് : ഡോ. സി. ജെ. ജോണ്‍
 മാനസികാരോഗ്യം  Related postsFriday, April 14, 2017

അവധിക്കാലം എങ്ങനെയാഘോഷിക്കണം


അവധിക്കാലം എങ്ങനെയാഘോഷിക്കണം                                      നമ്മുടെ നാട്ടില്‍ വേനല്‍ക്കാലത്തെ സ്കൂള്‍ വെക്കേഷന്‍അവധിക്കാലം അല്ലാതായി മാറിയിട്ട് കാലം കുറെയായി. മദ്ധ്യവേനലവധിയുടെ കെട്ടും മട്ടും പാടെ മാറിക്കഴിഞ്ഞു.ഇപ്പോള്‍ സ്കൂള്‍ ഉള്ള ദിവസങ്ങളേക്കാള്‍ കൂടുതല്‍ കുട്ടികള്‍ തിരക്കിലാവുന്നത് ഈ രണ്ടു മാസങ്ങളിലാണ്.പഠന ദിവസങ്ങളേപ്പോലെ തന്നെ അവധിക്കാലത്തെക്കുറിച്ചും അവര്‍ക്ക് വ്യക്തമായ പ്ലാനിംഗ് ഉണ്ട്.അതിനനുസൃതമായി പരിശീലന ക്ലാസ്സുകളും സമ്മര്‍ ക്യാമ്പുകളും ഒരുങ്ങിക്കഴിഞ്ഞു.അങ്ങനെ അവധിക്കാലം മറ്റൊരു തരത്തിലുള്ള പഠനകാലം തന്നെയാവുന്നു.
               പരീക്ഷകള്‍ കഴിഞ്ഞാല്‍ ഫലം അറിയാന്‍ പണ്ടത്തെത് പോലെ ഇപ്പോള്‍ കാലതാമസമില്ല. ഒട്ടുമിക്ക സ്കൂളുകളിലും ആഴ്ചകള്‍ള്ളില്‍തന്നെ റിസള്‍ട്ട് തയ്യാറാകും. ഉടന്‍ തന്നെ വെക്കേഷന്‍ സ്പെഷല്‍ ക്ലാസ്സുകളും തുടങ്ങും.ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസ്സുകള്‍ നടത്തുന്നത് സുപ്രീം കോടതി നിരോധിച്ചത് കൊണ്ട്  പ്രൈമറി വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടു.ഓരോ അധ്യയന വര്‍ഷവും കനത്ത സിലബസുകള്‍ തീര്‍ക്കാന്‍ ഓടുന്ന അധ്യാപകരും പിറകേയോടുന്ന കുട്ടികളും ചേര്‍ന്ന് കത്തുന്ന വേനലിനോടൊപ്പം ക്ലാസ്മുറികളും പുകയും.പക്ഷെ,അവധിക്കാലം തിന്നു തീര്‍ക്കുന്ന ഈ സ്പെഷ്യല്‍ ക്ലാസ്സുകളെ കുട്ടികളോ രക്ഷിതാക്കളോ ഇപ്പോള്‍ ഒരു ബാധ്യതയായി കാണുന്നില്ലെന്നതാണ് വസ്തുത.കാരണം അവര്‍ക്കും സിലബസിനെക്കുറിച്ച് ധാരണയുണ്ട്.ഡിസംബര്‍ മാസത്തോടെ ക്ലാസ്സുകള്‍ തീര്‍ക്കണം,പിന്നെ രണ്ടു വട്ടം റിവിഷന്‍,രണ്ടു റൌണ്ട് മോഡല്‍ പരീക്ഷ എന്നൊക്കെ തരംതിരിച്ചു നല്കുന്ന ഒരു അധ്യയന വര്‍ഷത്തിന്റെ മുന്നോടിയാണ് ഈ സ്പെഷ്യല്‍ ക്ലാസ്സുകള്‍ എന്നത് കൊണ്ട് തന്നെ .മാത്രമല്ല പകലന്തിയോളം ജോലിത്തിരക്കുകളിലാകുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ ഒറ്റയ്ക്ക് വീട്ടിലാവുന്നതിന്റെ ആധിയൊഴിവാക്കുകയും ചെയ്യാം.
            ലോകത്തിന്റെ എല്ലായിടത്തും കാലാവസ്ഥയുമായി ബന്ധപ്പെടുത്തി സ്കൂള്‍ അവധികള്‍ ക്രമീകരിക്കുന്ന സമ്പ്രദായം തന്നെയാണ് നിലവിലുള്ളത്.പ്രകൃതി പ്രതികൂലമായിരിക്കുന്ന അവസ്ഥയില്‍ ശരീരത്തിന് വിശ്രമം ആവശ്യമാണ്.കായികവും ബൌദ്ധികമായ അദ്ധ്വാനങ്ങള്‍ നിയന്ത്രിക്കേണ്ട കാലം.നമ്മുടെ നാട്ടിലെ വേനല്‍ക്കാലം കടുത്ത ചൂടിന്റെതാണ്.പഠനത്തിനു ഒട്ടും അനുയോജ്യമല്ലാത്ത സമയം.ക്ലാസ് മുറികളിലെ ചൂടില്‍ തിങ്ങിയിരുന്നുള്ള പഠനം ബുദ്ധിയെ ദോഷകരമായി ബാധിക്കും.ഫലപ്രദമായ ഒരു അവധിക്കാലം എല്ലാവര്‍ക്കും ആവശ്യമാണ്.
                           ഒരു വര്‍ഷം മുഴുവന്‍ കാത്തിരുന്ന അവധിക്കാലം തുടങ്ങുമ്പോള്‍ള് തറവാടിന്റെയോ അമ്മവീടിന്റെയോ ഗൃഹാതുരതയിലെയ്ക്കുള്ള യാത്രാ പരിപാടികള്‍ ഇപ്പോള്‍ ചുരുങ്ങിയിരിക്കുന്നു..മിക്കയിടങ്ങളിലും ഇല്ലാതായിരിക്കുന്നു.നഗരത്തിലെ കുട്ടികള്‍ ഫ്ലാറ്റുകളിലോ വില്ലകളിലോ ഇന്‍ഡോര്‍ ഗെയ്മുകളുടെ തണുപ്പില്‍ സ്വസ്ഥരാകും.ആറ്റിലും തോട്ടിലും അന്തിയാവോളം നീന്തിക്കളിക്കുന്ന,കൊയ്ത്തുകഴിഞ്ഞുണങ്ങിയ പാടങ്ങളില്‍ പൊടി പറത്തുന്ന കുട്ടിക്കൂട്ടങ്ങള്‍ ഇപ്പോള്‍ കാണാക്കാഴ്ചയാണ്. മാമ്പഴത്തിന്റെയും കശുവണ്ടിയുടെയും ഉത്സവപ്പറമ്പിലെ ആനയുടെയും ചൂര് മണക്കുന്ന അവധിക്കാലം ഇന്ന് അപൂര്‍വ്വം കുട്ടികളുടെ മാത്രം ഭാഗ്യമാണ്.ബാക്കിയുള്ളവര്‍ എന്താണ് ചെയ്യുന്നത്?അവര്‍ തിരക്കിലാണ്..  രണ്ടു മാസത്തെ വെക്കേഷന്‍ പൂര്‍ണമായും അവധിക്കാലമായി കളയേണ്ടതില്ല.രക്ഷിതാക്കള്‍ കുട്ടികളുടെ കഴിവുകള്‍ കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കണം.അഭിരുചിയനുസരിച്ച് തിരഞ്ഞെടുക്കാവുന്ന പരിശീലനക്ലാസ്സുകള്‍ ഇന്ന് സുലഭമാണ്.ഏറ്റവും ഫലപ്രദമായ ഒന്നാണ് ഭാഷാ ക്ലാസ്സുകള്‍.പുതിയൊരു ഭാഷ പഠിക്കുന്നത് എന്ത് കൊണ്ടും രസകരമാണ്.സ്പോക്കണ്‍ ഇംഗ്ലീഷും ഗ്രാമ്മര്‍ ക്ലാസ്സുകളും,സ്കൂള്‍ പഠനത്തിനു കൂടി സഹായകരമായത് കൊണ്ടായിരിക്കും,പണ്ട് മുതല്‍ തന്നെ വെക്കേഷന്റെ ഇഷ്ടവിഷയങ്ങളാണ്.ശാസ്ത്രവിഷയങ്ങളോട് അഭിരുചിയുള്ളവര്‍ക്ക് സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ടു അഭിരുചി ക്ലാസ്സുകളില്‍ ചേരാം.സിനിമയുടെയും സാഹിത്യത്തിന്റെയും അടിസ്ഥാന പരിശീലനങ്ങള്‍ നല്‍കുന്ന ക്യാമ്പുകളും ഇപ്പോള്‍ ധാരാളമുണ്ട്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ അഭിരുചി ക്ലാസ്സുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഉണ്ടായിരുന്ന വ്യക്തമായ വ്യത്യാസങ്ങള്‍ ഇല്ലാതായി വരുന്നുണ്ട്.കുറച്ചുകാലം മുന്പ് വരെ പെണ്‍കുട്ടികള്‍ പൊതുവേ നൃത്തം,പാട്ട്,തയ്യലിന്റെ പരിഷ്കൃത രൂപങ്ങളായ എംബ്രോയ്ഡറി,ഗ്ലാസ്-ഓയില്-ഫാബ്രിക് പെയിന്റിംഗ് മുതലായവ ലളിതകലകളിലെയ്ക്ക് പോകുമ്പോള്‍ ആണ്‍കുട്ടികള്‍ ക്രിക്കറ്റ്,ഫുട്ബോള്,നീന്തല്‍,മാര്‍ഷ്യല്‍ ആര്ട്സ്എന്നിവയായിരിക്കും കൂടുതലും തിരഞ്ഞെടുക്കുക. ഇപ്പോള്‍ എല്ലാവരും എല്ലാം പഠിക്കുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്.കാലത്തിന്റെ ആവശ്യം എന്ന നിലയിലായിരിക്കാം ഇപ്പോള്‍ കരാട്ടെ പോലുള്ള ആയോധനകലകള്‍ പരിശീലിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്.നീന്തല്‍,പാചകം,യോഗതുടങ്ങിയവയ്ക്കും പരിശീലന ക്ലാസ്സുകള്‍ ഉണ്ട്.സഭാകമ്പം മാറി സദസ്സിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ പരിശീലനം നല്കുന്ന ക്ലാസ്സുകള്‍ ഉണ്ട്.ഓര്‍മ്മ ശക്തി,കയ്യക്ഷരം എന്നിവ മെച്ചപ്പെടുത്താം..പ്രസംഗ പരിശീലനം നടത്താം.ഒട്ടു മിക്ക പരിശീലന ക്ലാസ്സുകള്‍ക്കും ക്യാംപുകള്‍ക്കും ഫീസ് കനത്തതാണ്.അതിനു തക്ക ഗൂണം ലഭിക്കുന്നുണ്ടോ അതോ കച്ചവടം മാത്രമാണോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.ക്യാമ്പുകളിലെ സുരക്ഷിതത്വത്തെക്കുറിച്ചും ഉറപ്പു വരുത്തേണ്ടതുണ്ട്..കുട്ടികളെ ക്ലാസ്സുകളില്‍ കൊണ്ട് തള്ളിയിട്ടു ആശ്വസിക്കാതെ,കൃത്യമായി അന്വേഷിച്ചു കൊണ്ടിരിക്കുകയും വേണം.
          വര്‍ഷം മുഴുവന്‍ നീളുന്ന തിരക്കുകളില്‍ നിന്നൊരു ഇടവേളയാണ് മധ്യവേനലവധിക്കാലം.മുറികളുടെ തണുപ്പില്‍ ചടഞ്ഞിരുന്നു ടീവിയും കപ്യൂട്ടരും വീഡിയോ ഗെയ്മുകളും മാത്രമായി കുട്ടികളുടെ അവധിക്കാലം ചുരുങ്ങാതിരിക്കട്ടെ. എന്നാല്‍ കോച്ചിംഗ് ക്ലാസ്സുകള്‍ മാത്രം കൊണ്ട് എല്ലാമായി എന്ന ചിന്തയില്‍ ഒതുങ്ങുകയുമരുത്.തിരക്കുകള്‍ക്കിടയില്‍ അവരോടൊപ്പം ചിലവഴിക്കാന്‍ കൂടി രക്ഷിതാക്കള്‍ സമയം കണ്ടെത്താം.അവര്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് അവരുടെ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യത്തില്‍ക്കൂടിയാണ്. ഓര്‍ക്കാന്‍ രസമുള്ള ;സ്പെഷ്യല്‍; അവധിക്കാലമാക്കി മാറ്റാന്‍ അവരോടൊപ്പം നില്‍ക്കേണ്ടതുണ്ട്.അവരോടൊപ്പം മറക്കാനാവാത്ത യാത്രകള്‍ പോകാം.പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു ഓര്‍മ്മ പോലും ഇല്ലാതാകുന്ന അവസ്ഥയാണിന്ന്. പ്രകൃതിയുടെയും ജീവിക്കുന്ന ചുറ്റുപാടുകളുടെയും പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്ന യാത്രകള്‍ പോകാം.അതോടൊപ്പം വായന ഒഴിവാക്കാതിരിക്കുക.നല്ല നല്ല കുഞ്ഞു പുസ്തകങ്ങള്‍ അവര്‍ക്ക് സമ്മാനമായി നല്കാം.ചെറിയ കുറിപ്പുകള്‍ എഴുതാന്‍ നിര്‍ദ്ദേശിക്കാം.ശ്രേഷ്ഠരായ ഗുരുക്കന്മാരും ഏറ്റവുമടുത്ത വിശ്വസ്തരായ സുഹൃത്തുക്കളുമാണ് നല്ല പുസ്തകങ്ങള്‍.നാല് ചുമരുകള്‍ക്കിടയിലിരുന്നു കുട്ടികള്‍ കാണുന്ന കാഴ്ചകള്‍ക്കും അതില്‍ നിന്ന് രൂപപ്പെടുന്ന കാഴ്ച്ചപ്പാടിനും അതിന്റെതായ പരിധികളും പരിമിതികളുമുണ്ട്.അവരുടെ ഭാവനകള്‍ക്ക് സങ്കല്‍പ്പങ്ങള്‍ക്കും ചിറകുകള്‍ ഉണ്ടാവട്ടെ..നമ്മള്‍ തിരക്കിലാണ്..നഷ്ട്ടപ്പെട്ട നനവുകളെ ഓര്‍ത്ത് പരിതപിക്കുന്ന നമ്മള്‍ വരും തലമുറകള്‍ക്കായി എന്തൊക്കെ ബാക്കി വച്ചിട്ടുണ്ട് എന്നും കൂടി ചിന്തിക്കേണ്ടതാണ്.തലമുറകളെ പ്രതിക്കൂട്ടിലാക്കി കുറ്റപ്പെടുത്തുന്നതിനു മുന്‍പ് നമ്മള്‍ എന്തായിരുന്നെന്നും ഇപ്പോള്‍ എന്താണെന്നും ചിന്തിക്കുക.മണ്ണറിഞ്ഞു മഴയറിഞ്ഞു ഗ്രാമങ്ങളില്‍ ജീവിച്ച ഒരു തലമുറയുടെയും പച്ചപ്പ് ഓര്‍മ്മകളില്‍ പോലും ഇല്ലാതാവുന്ന അതിവേഗക്കാരായ മറ്റൊരു തലമുറയുടെയും ഇടയിലാണ് ഇന്നത്തെ രക്ഷിതാക്കള്‍. ആശങ്കപ്പെട്ടിട്ടു കാര്യമില്ല.കുട്ടികള്‍ അവരുടെ കാലം അടയാളപ്പെടുത്തട്ടെ.അത് നല്ല രീതിയിലാകാന്‍ അവരോടൊപ്പം നില്ക്കാം.അവധിക്കാലങ്ങള്‍ അവര്‍ക്ക് നല്ല ഓര്‍മ്മകളും കൂടി നല്കട്ടെ.

രശ്മി രാധാകൃഷ്ണന്‍    
കടപ്പാട് : ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി ഡോട്ട് കോം
Monday, April 03, 2017

SSLC EXAM 2017 - QUESTION PAPERS AND ANSWER KEYS


SSLC QUESTION PAPERS AND ANSWER KEYS
                                                    2017   എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യ ശേഖരവും അവയുടെ ലഭ്യമായ ഉത്തര സൂചികളും പ്രസിദ്ധീകരിക്കുന്നു.  ഉത്തരസൂചിക തയ്യാറാക്കി അയച്ചു തന്ന എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും  നന്ദി അറിയിക്കുന്നു. ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ചോദ്യ ശേഖരവും അവയുടെ ഉത്തരസൂചികളും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.QUESTION PAPERS AND ANSWER KEYSMALAYALAM I |

MALAYALAM II |


ENGLISH | KEY (ANILKUMAR.P,A.V.H.S.S, PONANI,MALAPPURAM )

HINDI | KEY (Asok kumar N.A, GHSSPerumpalam, Alappuzha)

PHYSICS | KEY (SITC Forum)


CHEMISTRY | KEY MM | KEY EM
(Unmesh B Govt VHSS Kallara)

BIOLOGY |
SOCIAL SCIENCE | KEY (DEEPU V.S
HSS&VHSS BRAHMAMANGALAM,BINDUMOL P.R
GOVT. GHSS VAIKOM)


MATHEMATICS | KEY
(BINOYI PHILIP, GHSS KOTTODI) | KEY 2 (SUNNY.P.O,HEADMASTER G.H.S.S WESTKALLADA) | KEY 3 (BABURAJ.P, P H S S PANDALLOR,MALAPPURAM)
MATHEMATICS (Re-exam) | KEY (BINOYI PHILIP, GHSS KOTTODI) | KEY 2 (BABURAJ.P, P H S S PANDALLOR,MALAPPURAM)

Saturday, April 01, 2017

അവധിക്കാലം


HAVE A NICE SUMMER VACATION
                   പരീക്ഷാക്കാലം കഴിഞ്ഞു.മറ്റൊരു അവധിക്കാലം കൂടി വന്നെത്തി. ഇനി രണ്ടുമാസം മധ്യവേനലവധിക്കാലം. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ദിനങ്ങളാണ്‌ അവധിക്കാലം. പാഠപുസ്തകങ്ങളുടേയും പഠന ടെന്‍ഷനുകളുടെയും പരീക്ഷകളുടെയും ഭാരം ഒന്നിറക്കി വെയ്ക്കാന്‍ കഴിഞ്ഞതിന്റെ സമാധാനത്തിലാണവര്‍. ഇനി സ്വാതന്ത്ര്യത്തിന്റെയും ആഹ്ലാദത്തിന്റെയും
 ദിനങ്ങള്‍.

അവധിക്കാലം അടിച്ചുപൊളിച്ച്‌ ആഹ്ലാദകരമാക്കുന്നതോടൊപ്പം ക്രിയാത്മകമായി ചെലവഴിക്കാനും സാധിക്കണം. നവോന്മേഷം കൈവരിച്ച്‌ അടുത്ത അധ്യയനവര്‍ഷം നേട്ടങ്ങളുടെതാക്കി മാറ്റുവാന്‍ വേണ്ടിയുള്ളതാണ്‌ അവധിക്കാലം എന്നോര്‍മിക്കണം. അതിനാല്‍ കളിയും ചിരിയും ചിന്തയും പഠനവുമെല്ലാം അവധിക്കാലത്തും ഉണ്ടാകണം.

        ആയാസരഹിതമായും ആഹ്ലാദപൂര്‍ണമായും കുട്ടികള്‍ അവധിക്കാലം കഴിച്ചുകൂട്ടട്ടെ. പൂത്തുമ്പികളെപ്പോലെ പാറി നടക്കാന്‍, കുസൃതി കാട്ടി രസിക്കാന്‍, ഉല്ലാസത്തോടെ ചുറ്റിക്കറങ്ങാന്‍ ഒക്കെ കുട്ടികള്‍ക്ക്‌ മോഹമുണ്ടാകും. അനുവദിക്കാവുന്നിടത്തോളം ആസ്വദിക്കാന്‍ മാതാപിതാക്കള്‍ അവസരം നല്‍കുക.  എന്തായാലും ഒരു കാര്യം ശ്രദ്ധിക്കുക കൂട്ടുകാരുമൊത്തുള്ള വിനോദങ്ങളിൽ അമിതാവേശത്താൽ അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കുക. പ്രത്യേകിച്ചും ജലാശയങ്ങളിലെ കളികളിൽ ജാഗ്രത പുലർത്തുക . പത്ര മാധ്യമങ്ങളിൽ ഇടയ്ക്കിടെ വരാറുള്ള ദുരന്ത വാർത്തകൾ ഈ അവധിക്കാലത്തെങ്കിലും ആവർത്തിക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ ഏവർക്കും സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു !!! 

Related Posts Plugin for WordPress, Blogger...