New Posts

പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകർക്ക് ഹൃദയാഭിവാദ്യങ്ങൾ...


ഹൃദയാഭിവാദ്യങ്ങൾ...




                   ചരിത്രത്തിൽ ആദ്യമായി അൺ എയ്ഡഡ് സ്കൂൾ മാനേജർമാരും ജീവനക്കാരും കുട്ടികളെ തേടി ഊര്തെണ്ടാനിറങ്ങുന്നു! നിങ്ങൾ പൊതുവിദ്യാലയക്കാർ എന്തെല്ലാം "കോപ്രായങ്ങൾ" കാട്ടിയാലും ഞങ്ങൾക്ക് ഒരു ചുക്കും സംദവിക്കില്ല എന്ന് അഹങ്കരിച്ചു നടന്നവർ പുതിയ ഓഫറുകളുമായി വീടുവീടാന്തരം കയറിയിറങ്ങാൻ തീരുമാനിച്ചിരിക്കുന്നു എന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയപ്രഖ്യാപനം കൂടിയാണ്. പാവപ്പെട്ടവരെന്ന വാക്ക് അജണ്ടയിലില്ലാതിരുന്നവർ "പാവപ്പെട്ടവനും മികവുറ്റ വിദ്യാഭ്യാസം" എന്ന് നോട്ടീസിറക്കിയിരിക്കുന്നു. സൗജന്യമായി കിട്ടുന്നതൊന്നും  നല്ലതല്ല എന്ന ന്യായവാദമാണ് ഇപ്പോൾ പ്രധാനമായും അവർ ഉയർത്തുന്നത്. പൊതുവിദ്യാലയ സൗജന്യ മോഹന വാഗ്ദാനങ്ങളിൽ പെട്ട് വഞ്ചിതരാകരുതെന്ന ഉപദേശവുമുണ്ട്.

 പൊതുവിദ്യാലയങ്ങളിലാകട്ടെ എല്ലാ വിഷയങ്ങളിലും മികച്ച പരിശീലനം നേടിയ അധ്യാപകർ എല്ലാ വർഷവും തുടർ പരിശീലനങ്ങളിലൂടെ തങ്ങളുടെ അറിവും പ്രായോഗിക ജ്ഞാനവും സ്ഫുടം ചെയ്തെടുത്താണ് വിദ്യാർത്ഥികളെ അഭിമുഖീകരിക്കുന്നത്. ഓരോ കുഞ്ഞിനും സവിശേഷമായ കഴിവുകളുണ്ടെന്നും പഠനശൈലി വ്യത്യസ്തമാണെന്നും തിരിച്ചറിഞ്ഞാണ് അറിവാർജനത്തിന് അവരെ സജ്ജമാക്കുന്നത്. ഭൗതിക സാഹചര്യത്തിന്റെ കാര്യത്തിലാണെങ്കിൽ പൊതു വിദ്യാലയങ്ങൾ ബഹുദൂരം മുന്നേറിയിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങൾ മാറി.

നഷ്ടപ്രതാപം വീണ്ടെടുത്ത് പൊതുവിദ്യാലയങ്ങൾ സടകുടഞ്ഞെണീറ്റ് വർധിച്ച ആത്മവിശ്വാസത്തോടെ തങ്ങളുടെ മികവ് പ്രകടമാക്കിയതോടെ അൺ എയ്ഡഡ് വിദ്യാലയങ്ങൾ ഉപേക്ഷിച്ച് ആയിരകണക്കിന് കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ ചേർന്നു കൊണ്ടിരിക്കുന്നത്. പല വിദ്യാലയങ്ങളിലും ഇപ്പോൾ തന്നെ പ്രവേശനം നിർത്തിവയ്ക്കേണ്ടി വന്നു. ദിവസങ്ങൾക്ക് മുമ്പേ പ്രവേശനത്തിനായി ക്യൂ നിൽക്കുന്ന അവസ്ഥ അപുർവമെങ്കിലും ചിലയിടങ്ങളിൽ ഉണ്ടായി വന്നു.

പൊതുവിദ്യാലയങ്ങളിൽ പ്രകടമാകുന്ന ഉണർവിനെക്കുറിച്ചും വിദ്യാലയ മികവിനെക്കുറിച്ചും കുട്ടികൾക്കുണ്ടായ നേട്ടങ്ങളെക്കുറിച്ചും നിങ്ങളോട് സംവദിക്കാൻ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും പൊതുപ്രവർത്തകരും നിങ്ങളെ വന്ന് കണ്ടെന്നിരിക്കും. നമ്മുടെ പൊതു ഇടങ്ങളെ തിരിച്ചുപിടിക്കാനും മതനിരപേക്ഷ ജനാധിപത്യ ജനകീയ വിദ്യാഭ്യാസത്തെ സംരക്ഷിക്കാനും ഊട്ടിയുറപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്കൂൾ പ്രവേശന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

അതേസമയം കച്ചവട വിദ്യാലയങ്ങളിൽ സ്ഥിതി മറ്റൊന്നാണ്. മുൻകാലങ്ങളിൽ തങ്ങൾക്കുണ്ടെന്ന് മേനിപറഞ്ഞ് നടന്നിരുന്ന മേന്മകളൊന്നും യഥാർത്ഥമല്ലെന്ന് ജനം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. രണ്ടായിരത്തിലധികം അൺ എയ്ഡഡ് വിദ്യാലയങ്ങൾ മതിയായ സൗകര്യങ്ങളും കുട്ടികളുമില്ലാതെ ഈ അക്കാദമിക വർഷം അടച്ചു പൂട്ടേണ്ടി വന്നേക്കുമെന്ന നില സംജാതമായിരിക്കുന്നു. അവശ്യം ആവശ്യമായ അക്കാദമിക യോഗ്യതകളോ പുതിയ കാലം ആവശ്യപ്പെടുന്ന നൈപുണികളോ ഇല്ലാത്ത അധ്യാപകർ, യന്ത്രങ്ങളെപ്പോലെ പാഠഭാഗങ്ങൾ ഉരുവിട്ട് പഠിക്കാൻ വിധിക്കപ്പെട്ട് ക്ലാസ് മുറിയിൽ തളച്ചിടപ്പെടുന്ന കുട്ടികൾ, അവകാശങ്ങളെല്ലാം ചവുട്ടിമെതിച്ച് മുന്നേറുന്ന കച്ചവട താൽപര്യം, അരാജക ബോധവും അരക്ഷിതാവസ്ഥയും അരാഷ്ട്രീയ വർഗീയ ചിന്ത മാത്രം സമ്മാനിക്കുന്ന പഠിപ്പിക്കലും സാമൂഹ്യാനുഭവങ്ങളും... കേരളീയ സമൂഹം അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ പുറംപൂച്ച് തിരിച്ചറിഞ്ഞ് കഴിഞ്ഞു. പൊതു വിദ്യാലയങ്ങളുടെ മേന്മകൾ ഉൾക്കൊള്ളാൻ സന്നദ്ധരായി ബഹുജനം മുന്നോട്ടുവന്ന് കഴിഞ്ഞു. അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും സ്വന്തം കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് പറിച്ച് നട്ട രക്ഷിതാക്കളാണ് മിക്കയിടങ്ങളിലും ഞങ്ങളുടെ ബ്രാന്റ് അംബാസിഡർമാർ. വലിയ ആവേശത്തോടെയാണവർ തങ്ങളുടെ നേരനുഭവങ്ങൾ വിവരിക്കുന്നത്. ചരിത്രത്തിൽ ഇന്നോളം അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് പൊതുവിദ്യാഭ്യാസ രംഗത്തെ കുതിച്ചു ചാട്ടം അൺ എയ്ഡഡ് വിദ്യാലയങ്ങൾക്ക് സമ്മാനിച്ചിട്ടുള്ളത്. ഈ പ്രതിസന്ധിയെ അതിജീവിക്കാനാണ് കുട്ടികളെ പിടിക്കാൻ ഇവർ ഇറങ്ങി തിരിച്ചിട്ടുള്ളത്. കള്ള പ്രചരണങ്ങളും മോഹന വാഗ്ദാനങ്ങളുമായി അവർ നിങ്ങളുടെ വീട്ടുമുറ്റത്തും എത്താം. ജാഗ്രതയോടെ ഇരിക്കണേ.
ഗുണമേന്മാ വിദ്യാഭ്യാസത്തിലൂടെ പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങിയ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകർക്ക് ഹൃദയാഭിവാദ്യങ്ങൾ...




വാട്സാപ്പ് പോസ്റ്റ്




Read also

Comments